കൊല്ലം: കാറിൽ സഞ്ചരിക്കുമ്പോൾ ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം പറയുകയും അപമാനിക്കുകയും വാഹനത്തിൽ ബൈക്ക് ഉരച്ചു കടന്നു കളയുകയും ചെയ്ത സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്താംകോട്ട സ്വദേശിനിയായ ഹസീനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമല്ലെന്ന് മറുനാടൻ വാർത്ത വന്നതിന് തൊട്ടു പിന്നാലെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് 7.30നായിരുന്നു ഹസീനയ്ക്കും സുഹൃത്തായ യുവതിക്കും നേരെ ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. കൊല്ലം - തേനി ദേശീയ പാതയിൽ കേരളപുരത്തിന് മീപം വച്ചാണ് യുവാക്കളുടെ അക്രമം അരങ്ങേറിയത്. ഹസീനയുടെ കാറിന് മുന്നിൽ ഏറെ നേരമായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് രണ്ട് യുവാക്കൾ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. ഇവരെ മറികടന്ന് പോകാനായി ഹസീന ഹോൺ മുഴക്കിയതോടെയാണ് ഫോണിൽ സംസാരിച്ച് ബൈക്ക് ഓടിച്ച യുവാവ് ഹസീനയെ അസഭ്യം പറയുകയും വാഹനത്തിന് മുന്നിൽ കയറി മാർഗ്ഗതടസം സൃഷ്ടിച്ച് ഏറെ നേരം മുന്നോട്ട് പോകുകയും ഇളംമ്പള്ളൂരെത്തിയപ്പോൾ മുൻവശത്ത് ബൈക്ക് ഉരച്ചുകൊണ്ട് കടന്നു കളയുകയും ചെയ്തത്.

ഭയന്നു പോയെങ്കിലും ഇവർ ഉടൻ തന്നെ തൊട്ടടുത്തുള്ള കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. വാഹനത്തിന്റെ നമ്പർ പരിശോധിച്ച പൊലീസ് വ്യാജ നമ്പരാണെന്ന് കണ്ടെത്തുകയും ക്യാമറകൾ പരിശോധിച്ച് യുവാക്കളെ കണ്ടെത്താമെന്ന് ഉറപ്പ് നൽകി ഇവരെ പറഞ്ഞയച്ചു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയൊന്നും സ്വീകരിക്കാതിരുന്നതോടെ സംഭവം മറുനാടൻ വാർത്തയാക്കി. ഇതോടെയാണ് പൊലീസ് യുവതിയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തത്. പൊലീസിന് പുറമേ ഹസീന കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്കും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്.

മിക്കപ്പോഴും വാഹനത്തിൽ പോകുമ്പോൾ യുവാക്കൾ വാഹനം കടത്തിവിടാതിരിക്കുകയും വലിയ ശബ്ദം പുറപ്പെടുവിച്ച് പേടിപ്പിക്കാറുമുണ്ട്. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായെങ്കിലും പ്രതികരിച്ചിരുന്നില്ല. എന്നാൽ വീണ്ടും ആവർത്തിച്ചതിനാൽ ഇത് വെറുതെ വിട്ടാൽ ശരിയാകില്ല എന്ന തോന്നലുണ്ടായതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്ന് യുവതി മറുനാടനോട് പറഞ്ഞു. സ്ത്രീകൾ വാഹനം ഓടിക്കുന്നതു കാണുമ്പോൾ ചിലർക്ക് വല്ലാത്ത അസഹിഷ്ണുതയാണ്. എന്തു കൊണ്ടാണ് അത് എന്നറിയില്ല.

അക്രമം കാട്ടിയ യുവാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും യുവതി പറഞ്ഞു. പൊലീസിന് വാഹനം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്കു കൂടി പരാതി നൽകിയത്. വാഹനം കണ്ടെത്തിയാൽ പൊലീസിന് വേഗത്തിൽ നിയമ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് കരുതുന്നു എന്നും യുവതി പറഞ്ഞു.