ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമ, പീഡന കേസുകളിൽ ഇരയും പ്രതിയും തമ്മിൽ വിവാഹം ചെയ്ത് ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിക്കുന്ന നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ ഇരകളുടെ മനോവ്യഥ കൂട്ടുന്ന തരത്തിലുള്ള ജാമ്യ വ്യവസ്ഥകളും പരാമർശങ്ങളും കോടതികൾ ഒഴിവാക്കണമെന്നു സുപ്രീം കോടതി താക്കീത് നൽകി.

പീഡനത്തിന് ഇരയായ യുവതിക്കു പ്രതി രാഖി കെട്ടിക്കൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം. ലൈംഗികാതിക്രമങ്ങളുടെ ഗൗരവം കുറച്ചു കാട്ടുന്ന നടപടി പാടില്ലെന്ന മുന്നറിയിപ്പോടെ, ജാമ്യ ഉത്തരവുകൾക്കു മാർഗനിർദേശങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചു.

പൊതു, സ്വകാര്യ ഇടങ്ങളിലെല്ലാം സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ട്. സ്ത്രീകളെ നിശബ്ദരാക്കുന്ന സംസ്‌കാരത്തിന്റെ ഭാഗമായി ലിംഗാതിക്രമങ്ങൾ പലതും പുറംലോകം അറിയാറില്ല.

പുരുഷ മേധാവിത്വം, സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങൾ, സാമ്പത്തിക പരാശ്രയത്വം, ദാരിദ്ര്യം, മദ്യപാനം തുടങ്ങിയവയെല്ലാം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.

ലൈംഗികാതിക്രമത്തിന്റെ പട്ടികയിൽ വരുന്ന പിൻതുടരൽ, കമന്റടി, വാക്കാലും ശാരീരികവുമായ ഉപദ്രവം തുടങ്ങി പലതും നിസ്സാരവൽക്കരിക്കപ്പെടുന്നുണ്ട്. ആൺകുട്ടികളല്ലേ എന്ന നിലപാടിൽ ചിലതെല്ലാം വകവച്ചു നൽകുമ്പോൾ പെൺകുട്ടിയുടെ മനസ്സിൽ അത് ഏൽപ്പിക്കുന്ന ആഘാതം കാണാതെ പോകുന്നു.

പ്രതികൾ പലപ്പോഴും സ്ത്രീകൾക്കു പരിചയമുള്ളവർ തന്നെയാകും. പല സ്ത്രീകളും അതിക്രമങ്ങൾക്ക് ഇരയായ അതേ സാഹചര്യത്തിൽ തുടരാൻ നിർബന്ധിതരാകുന്നു. ഈ നിശബ്ദത ഭേദിക്കണം. സ്ത്രീക്കെതിരെയുള്ള അതിക്രമം തടയുന്നതിൽ സ്ത്രീയേക്കാൾ ബാധ്യത പുരുഷനുണ്ടെന്നു കോടതി ഓർമപ്പെടുത്തി.

ജാമ്യ ഉത്തരവുകൾക്കു മാർഗനിർദേശങ്ങൾ

1. ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയും ഇരയും തമ്മിൽ കൂടിക്കാഴ്ച വേണ്ടി വരുന്ന ജാമ്യവ്യവസ്ഥ നിഷ്‌കർഷിക്കരുത്.

2. ഉപദ്രവമോ ഭീഷണിയോ നിലനിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ പൊലീസ് റിപ്പോർട്ട് തേടിയ ശേഷം സംരക്ഷണത്തിന് ഉത്തരവിടാം.

3. പ്രതിക്കു ജാമ്യം അനുവദിച്ചാൽ അക്കാര്യം പരാതിക്കാരിയെ അറിയിക്കണം.

4. പുരുഷകേന്ദ്രീകൃതമായ 'സ്റ്റീരിയോ ടൈപ്പ്' പരാമർശങ്ങൾ സ്ത്രീകളെക്കുറിച്ചു വേണ്ട. ഇരയുടെ വസ്ത്രം, സ്വഭാവം, മുൻകാല പെരുമാറ്റം, ധാർമികത എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ജാമ്യഉത്തരവിൽ ഒഴിവാക്കണം.

5. പീഡന, ലൈംഗികാതിക്രമ കേസുകളിൽ ഇരയും പ്രതിയും തമ്മിൽ വിവാഹം ചെയ്ത് ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിക്കുന്ന നടപടി പാടില്ല.

6. ഇരയ്ക്കു കോടതിയുടെ നിഷ്പക്ഷതയിൽ സംശയം ജനിപ്പിക്കുന്ന പരാമർശങ്ങൾ വാക്കാലോ രേഖാമൂലമോ ഒഴിവാക്കണം.

7. രാത്രി തനിച്ചാകുന്നത്, വസ്ത്രധാരണം, മദ്യപാനം തുടങ്ങി വിഷയങ്ങളുമായി ബന്ധപ്പെട്ടു സ്ത്രീയെക്കുറിച്ചു പുരുഷകാഴ്ചപ്പാടിലുള്ള പരമ്പരാഗത സങ്കൽപങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കരുത്.

കേസ്, വാദങ്ങൾ

അയൽവാസി യുവതിയുടെ വീട്ടിലെത്തി കയ്യിൽ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതാണു കേസിന് ആധാരം. പ്രതി ഭാര്യയ്‌ക്കൊപ്പം യുവതിയുടെ വീട്ടിൽ ചെന്നു രാഖി കെട്ടിക്കൊടുക്കണമെന്നും സഹോദരൻ സഹോദരിയോടെന്ന പോലെ ആചാരപരമായി സമ്മാനം നൽകണമെന്നുമായിരുന്നു ജാമ്യവ്യവസ്ഥ. ഇതിനെതിരെ 9 വനിത അഭിഭാഷകർ ചേർന്നു നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.

പീഡനക്കേസുകളിൽ പ്രതി ഇരയെ വിവാഹം ചെയ്യുന്നതു പോലും നിയമത്തിനു മുന്നിൽ പരിഹാരമല്ലെന്ന മുൻഉത്തരവുകൾ ഹർജിക്കാർ ശ്രദ്ധയിൽപ്പെടുത്തി. പീഡനക്കേസിൽ ഒത്തുതീർപ്പിനു പ്രസക്തിയില്ല. ലൈംഗികാതിക്രമ കേസുകളിൽ ചില കോടതികൾ നടത്തിയ പരാമർശങ്ങൾ ഞെട്ടിക്കുന്നതാണ്. കോവിഡ് പോരാളിയായി സേവനം ചെയ്യണമെന്ന വ്യവസ്ഥയിൽ പീഡനക്കേസ് പ്രതിക്കു മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

രാത്രി വൈകി ഓഫിസിൽ ചെല്ലുകയും ഒന്നിച്ചു മദ്യപിക്കുകയും ചെയ്ത പെൺകുട്ടി പീഡനത്തിനിരയായ ശേഷം ക്ഷീണിച്ച് ഉറങ്ങിപ്പോയെന്നു പറഞ്ഞത് ഇന്ത്യൻ സ്ത്രീക്കു ചേർന്ന പെരുമാറ്റമല്ലെന്നു കർണാടക ഹൈക്കോടതി പറഞ്ഞതും ഹർജിക്കാർ ശ്രദ്ധയിൽപ്പെടുത്തി. സ്ത്രീയുടെ അന്തസ്സിനെയും വിചാരണയുടെ നിഷ്പക്ഷതയെയും ബാധിക്കുന്ന പരാമർശങ്ങൾ അനുവദിക്കരുതെന്നും, ഹീനമായ കുറ്റകൃത്യത്തെ ലാഘവത്തിലെടുത്ത് ഒത്തുതീർപ്പിനു പ്രേരിപ്പിക്കുന്ന നടപടി പാടില്ലെന്നും ഹർജിക്കാർ വാദിച്ചു.

കോവിഡ് ആശുപത്രിയിലും മറ്റുമുള്ള സേവനം, മരം വച്ചുപിടിപ്പിക്കൽ, ചാരിറ്റി സംഭാവന ഇതൊന്നും നിയമത്തിനു മുന്നിൽ കുറ്റകൃത്യത്തിനുള്ള പരിഹാരമല്ല. കോടതികൾ സാമൂഹിക പരിഷ്‌കർത്താക്കളുടെയോ ചാരിറ്റി ധനസമാഹരണ ചുമതലക്കാരുടെയോ റോൾ ഏറ്റെടുത്തണിഞ്ഞ് അപ്രസക്തമായ ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തരുതെന്നും ഹർജിക്കാർ വാദിച്ചു.