കൊൽക്കത്ത: ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ. ബംഗാളിൽ സന്ദർശനം നടത്തിയ വനിതാ കമ്മിഷൻ മൂന്നംഗ സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിക്കും.

ചില സ്ത്രീകൾക്ക് ബലാത്സംഗ ഭീഷണികൾ നിരന്തരം നേരിടേണ്ടി വരുന്നുവെന്നും, പെൺമക്കളുടെ സുരക്ഷയോർത്ത് സംസ്ഥാനം വിടാൻ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളുമെന്നും രേഖാ ശർമ്മ പറഞ്ഞു. അക്രമത്തിന് ഇരകളായവർക്ക് പേടി മൂലം കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.പശ്ചിം മേദിനിപുരിൽ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മിഷൻ സന്ദർശിച്ചു.

അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ മഹിള മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തിൽ ബിജെപിയുടെ വനിതാ നേതാക്കൾ രാവിലെ ഗവർണർ ജഗ്ദീപ് ധൻഖറെ കണ്ട് ചർച്ച നടത്തും.