ന്യൂഡൽഹി: 60കാരന്റെ പീഡനത്തിന് ഇരയായ 16കാരി വീടിന്റെ ടെറസിൽ പ്രസവിച്ചു. പോക്സോ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വടക്കൻ ഡൽഹിയിലാണ് സംഭവം. നവജാത ശിശുവിനെ കണ്ടതായി ഒരു അജ്ഞാതൻ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുണിയിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടക്കത്തിൽ കുഞ്ഞിനെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എട്ടുമാസം മുൻപ് 60കാരൻ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടുകാരെ ഭയന്ന് ഇക്കാര്യം പെൺകുട്ടി മറച്ചുവെച്ചു. വീടിന്റെ ടെറസിൽ പ്രസവിച്ച 16കാരി, കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വീടിന്റെ സമീപമുള്ള കടയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കടയുടമയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടുജോലി ചെയ്താണ് പെൺകുട്ടിയും അമ്മയും കഴിഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.