യവത്മാൾ: 6 കോടി വർഷം മുൻപ് രൂപപ്പെട്ട കൃഷ്ണശിലകൾ മഹാരാഷ്ട്രയിൽ കണ്ടെത്തി. അഗ്‌നിപർവതം പൊട്ടി ലാവ ഉറഞ്ഞ് ഉണ്ടായതാണ് ഈ പാറക്കൂട്ടങ്ങളെന്ന് ഭൗമശാസ്ത്രജ്ഞനായ പ്രഫ. സുരേഷ് ചോപൻ പറഞ്ഞു. യവത്മാൾ ജില്ലയിലെ ഷിബ്‌ല പർദി ഗ്രാമത്തിൽ വാനി പ്രദേശത്ത് റോഡ് നിർമ്മാണത്തിനിടയിലാണ് ഇതു ശ്രദ്ധയിൽപെട്ടത്. ഇവ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളരെ സവിശേഷതയുള്ള ഭൂപ്രകൃതിയാണ് വാനി പ്രദേശത്തിന്റേതെന്ന് പ്രഫ. സുരേഷ് പറഞ്ഞു. ഇതേ സ്ഥലത്ത് 20 കോടി വർഷം വരെ പഴക്കമുള്ള പാറയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 7 കോടി വർഷം മുൻപ് മഹാരാഷ്ട്രയിലെ വിദർഭ പ്രദേശം സമുദ്രമായിരുന്നു എന്നാണ് തെളിവുകൾ. 6 കോടി വർഷം മുൻപ് പശ്ചിമഘട്ടത്തിൽ നിന്ന് ലാവ ഒഴുകിയെത്തി യവത്മാൾ, മധ്യവിദർഭ പ്രദേശങ്ങളിലൂടെ ഗുജറാത്ത് വരെ എത്തി. 5 ലക്ഷം ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് ലാവ പടർന്നത്.

തിളച്ചുമറിയുന്ന ലാവ പെട്ടെന്ന് വെള്ളത്തിലേക്ക് ഒഴുകിയിറങ്ങുമ്പോഴാണ് ഷഡ്ഭുജാകൃതിയിലുള്ള ശിലകൾ രൂപപ്പെടുന്നത്. 6 കോടി വർഷം മുൻപ് ദിനോസറുകളുടെ വർഗത്തിൽ പെട്ട ജീവജാലങ്ങളും വനവും ഉണ്ടായിരുന്നു. ലാവ ഒഴുകി കാടും ജീവജാലങ്ങളും ഇല്ലാതായി. മുംബൈ, കോലാപ്പുർ, നന്ദേഡ് തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ കൃഷ്ണശിലകൾ കണ്ടെത്തിയിട്ടുണ്ട്.