കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവിപൂജാരിയെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 22 വരെയാണ് ഇയാളുടെ റിമാൻഡ് കാലാവധി. തുടർനടപടികളുടെ ഭാഗമായി ഇന്നുരാത്രി രവിപൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ചോദ്യം ചെയ്യലുമായി രവിപൂജാരി പൂർണ്ണമായും സഹകരിച്ചെന്നും കേസിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്നും അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.

എടിഎസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കേരളത്തിൽ ക്വട്ടേഷൻ നടപ്പാക്കിയവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് രവി പൂജാരിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് രവിപൂജാരി തന്നെയെന്ന് നടി ലീന മരിയ പോളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രതിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ട് നൽകിയത്.

കഴിഞ്ഞ ദിവസങ്ങളിലായി പൂജാരിയെ ചോദ്യം ചെയ്തതിൽനിന്ന് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. പൂജാരിയിൽനിന്ന് ശേഖരിച്ച വിവരങ്ങൾ സ്ഥിരീകരിക്കുകയാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം.പൂജാരി വെളിപ്പെടുത്തിയ ക്രിമിനൽ സംഘങ്ങൾക്ക് കേസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനായുള്ള ശാസ്ത്രീയ തെളിവെടുപ്പ് അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പൂജാരി കുറ്റം സമ്മതിക്കുകയും പൂജാരിയുടെ ശബ്ദം ബ്യൂട്ടിപാർലർ ഉടമ ലീന മരിയ പോൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ സി.ജെ.എം. കോടതിയിൽ രവി പൂജാരിയെ ഹാജരാക്കും.

ബ്യൂട്ടി പാർലർ വെടിവെപ്പിന് മുമ്പും പിമ്പും പ്രതികൾ ബന്ധപ്പെട്ട ഫോൺ നമ്പറുകൾ, ബാങ്ക് ഇടപാടുകൾ, സഞ്ചരിച്ച സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.രവി പൂജാരി പേര് വെളിപ്പെടുത്തിയ ചില ഗുണ്ടകളെ വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ എടുത്തേക്കും. കാസർകോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ എം ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിയുതിർത്ത കേസിൽ രവി പൂജാരിയെ കാസർകോട് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയേക്കും.