ടോക്യോ: ഗോദയിൽ കരുത്തുകാട്ടി ഇന്ത്യയുടെ മല്ലന്മാർ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവി ദാഹിയ ഫൈനലിൽ എത്തി. കസാഖിസ്ഥാന്റെ സനയേവിനെ സെമിയിൽ മലർത്തിയടിച്ചാണ് രവി കുമാറിന്റെ ചരിത്രനേട്ടം. സ്വർണ മെഡൽ നേടാൻ ഒരു വിജയം മാത്രമാണ് രവിക്ുമാറിന് മുന്നിലുള്ളത്. 2012ൽ സുശീൽ കുമാറിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഫൈനലിൽ എത്തുന്നത്.

ടോക്യോയിൽ നാലാം മെഡലാണ് രവികുമാറിലൂടെ ഇന്ത്യ ഉറപ്പിച്ചത്. മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ് നടത്തിയാണ് സനയേവിനെ തോൽപ്പിച്ചത്. തുടരെ എട്ടുപോയന്റുകൾ നേടി വിജയമുറപ്പിച്ചിരുന്ന സനയേവ് 9-2ന് മുന്നിലായിരുന്നു. അവിടെ നിന്നുമാണ് അദ്ദേഹം വൻ തിരിച്ചു വരവ് നടത്തിയത്. എതിരാളിയെ മലർത്തിയടിച്ച് സ്വർണപാതയിലേക്ക് മുന്നേറുകയായിരുന്നു.

ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന് മലർത്തിയടിച്ചാണ് രവികുമാർ സെമിയിലേക്ക് കടന്നത്. രവികുമാർ വെള്ളി മെഡൽ ഉറപ്പിച്ചതോടെ ഒളിമ്പിക്‌സ് ഗുസ്തിയുടെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആറാം മെഡലാണ് ഇത്.

2019 -ൽ ലോക ചാമ്പ്യൻക്ഷിപ്പിൽ വെങ്കലവും ഈവർഷം അൽമാട്ടിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ താരമാണ് രവി ദാഹിയ. കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും രവി സ്വർണം നേടിയിരുന്നു.23 കാരനായ രവികുമാർ ഹരിയാനയിലെ നഹ്‌റി സ്വദേശിയാണ്.

ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഗുസ്തി താരമാണ് രവി ദാഹിയ. കെ ഡി ജാദവ്, സുശീൽ കുമാർ, യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുമ്പ് ഇന്ത്യക്കു വേണ്ടി ഒളിമ്പിക്‌സ് ഗുസ്തിയിൽ മെഡൽ നേടിയിട്ടുള്ളത്.