സതാംപ്ടൺ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ നേരിടുന്നതിനു മുന്നോടിയായി ഗ്രൗണ്ടിലിറങ്ങി പരിശീലിച്ച് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. 'സതാംപ്ടണിൽ ആദ്യമായി പുറത്തിറങ്ങിയപ്പോൾ' എന്ന വാചകം സഹിതമാണ് പരിശീലനത്തിന്റെ ചിത്രങ്ങൾ ജഡേജ പങ്കുവച്ചത്.

കിവീസിനെതിരായ കലാശപ്പോരാട്ടത്തിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുമായി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇവിടെ എത്തിയത്. അതിനുശേഷം താരങ്ങൾ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് മൈതാനത്ത് ഇറങ്ങി പരിശീലിക്കുന്ന ചിത്രങ്ങൾ രവീന്ദ്ര ജഡേജ പങ്കുവച്ചത്.

 First outing in southampton???? #feelthevibe #india pic.twitter.com/P2TgZji0o8

മൂന്നു ദിവസത്തെ ക്വാറന്റീനിലായതിനാൽ ഇന്ത്യൻ താരങ്ങൾക്ക് അതുവരെ സംഘമായി പരിശീലിക്കാൻ അനുമതിയില്ല. മിക്ക താരങ്ങളും ഈ ദിവസങ്ങളിൽ ഹോട്ടൽ മുറികകൾക്കുള്ളിൽത്തന്നെ കഴിയുകയായിരുന്നു

ജൂൺ 18ന് ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ഫൈനൽ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യൻ ടീമിന് എന്നാണ് സംഘമായി പരിശീലിക്കാൻ അവസരം ലഭിക്കുക എന്ന് ഇനിയും വ്യക്തമല്ല. ക്വാറന്റീനിൽ കഴിയുന്ന താരങ്ങൾക്ക് ഓരോ ദിവസവും കോവിഡ് പരിശോധനയുണ്ട്. ഇതിന്റെ ഫലം നെഗറ്റീവ് ആകുന്നതിന് അനുസരിച്ച് ഘട്ടം ഘട്ടമായി പരിശീലനത്തിന് ഇറങ്ങാൻ അനുമതി നൽകുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്.

പുരുഷ ടീമിനു പുറമെ ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യയുടെ വനിതാ ടീമും അതേ ചാർട്ടേർഡ് വിമാനത്തിൽ എത്തിയിടിരുന്നു. ഇവരും ഹോട്ടൽ മുറികളിൽ ക്വാറന്റീനിലാണ്. ഒരു ടെസ്റ്റ് മത്സരവും മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളുമാണ് വനിതാ ടീം ഇംഗ്ലണ്ടിൽ കളിക്കുന്നത്. ഇവിടേക്കു വരുന്നതിനു മുൻപ് ഇന്ത്യയുടെ പുരുഷ, വനിതാ താരങ്ങൾ മുംബൈയിൽ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ന്യൂസിലൻഡിന്റെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിഖ്യാത ലോർഡ്സ് മൈതാനത്ത് ഇന്നവസാനിക്കും.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ.

സ്റ്റാൻഡ്ബൈ താരങ്ങൾ: അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാൻ, അർസാൻ നാഗ്വസ്വല്ല, കെ എസ് ഭരത്.