തിരുവനന്തപുരം: രാജ്യത്തെ സഹകരണ ബാങ്കിങ് മേഖലയെ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയപ്പോൾ അത് പ്രത്യക്ഷത്തിൽ ഏറ്റവും തിരിച്ചടിയാകുക കേരളത്തിനാണ് എന്ന് വ്യക്തമായിരിക്കയാണ്. ഏപ്രിൽ ഒന്നുമുതൽ ഇത് ബാധകമാകുമെന്ന് കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം ഇറക്കി.

സംസ്ഥാന സഹകരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് തീർത്തും വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് വരാനിരിക്കുന്നത്. കേരള സർക്കാർ മുൻകൈയെടുത്തു നടപ്പിലാക്കിയ കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്. ബാങ്കിങ് നിയന്ത്രണത്തിൽ വരുത്തിയ ഭേദഗതി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകൾക്കും ബാധകമാക്കും. കേരളത്തിലെ സഹകരണ ബാങ്കിങ് രംഗത്തിന് മരണമണി മുഴക്കുന്നതാണ് ഈ ഭേദഗതിയെന്ന ആക്ഷേപം നിലനിൽക്കവേയാണ് ഇപ്പോൾ സുപ്രധാന മാറ്റങ്ങൾ വരാനിരിക്കുന്നത്.

ബാങ്ക് ഭരണസമിതിയുടെ കാലയളവ് മാറുമെന്നാണ് നിലവിലെ കേന്ദ്ര വിജ്ഞാപനത്തിലെ പ്രധാന ഭാഗം. കൂടാതെ സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനും സാധിക്കും. ഭരണസമിതിക്കും ബാങ്ക് ചെയർമാനും ജീവനക്കാർക്കുമെതിരേ റിസർവ് ബാങ്കിന് നടപടിയെടുക്കാം എന്നതും കേന്ദ്രത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതുമാണ് പുതിയ നിയമം. ഫെഡറൽ അധികാരങ്ങളെ മാനിക്കാതെയാണ് കേന്ദ്രസർക്കാറിന്റെ പുതിയ നടപടി എന്നതും ഏറെ ശ്രദ്ധേയമാണ്.

സഹകരണം സംസ്ഥാനവിഷയവും സഹകരണസംഘങ്ങൾ സംസ്ഥാന നിയമപ്രകാരം പ്രവർത്തിക്കുന്നവയുമാണ്. ബാങ്കിങ് കേന്ദ്രവിഷയവും. അതിനാൽ സഹകരണ ബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ കാര്യങ്ങളിൽ റിസർവ് ബാങ്കിന് ഇടപെടാൻ അധികാരമുണ്ട്. എന്നാൽ, ഭരണസമിതി തിരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസർവ് ബാങ്കിനോ കേന്ദ്രസർക്കാരിനോ ഇടപെടാനാവുമായിരുന്നില്ല. ഇതാണ് ഭേദഗതിയിലൂടെ തിരുത്തുന്നത്.

പുതിയ ഭേദഗതിയനുസരിച്ച് ഒരു സഹകരണ ബാങ്കിനെ ആവശ്യമെങ്കിൽ ഇന്ത്യയിലെ ഏതു ബാങ്കുമായും ലയിപ്പിക്കാൻ റിസർവ് ബാങ്കിന് അധികാരം ഉണ്ടായിരിക്കം. ലയനം സഹകരണ ബാങ്കുമായിട്ട് ആകണം എന്നുപോലും വ്യവസ്ഥയില്ല. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരേ ആർ.ബി.ഐ.ക്ക് നടപടിയെടുക്കാം. മൊത്തം ഭരണസമിതിയെ പിരിച്ചുവിടാം. സംസ്ഥാനസർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നു മാത്രമാണ് വ്യവസ്ഥ ചെയ്യുന്നത്.

സഹകരണ ബാങ്കുകളുടെ പൊതുയോഗം വിളിക്കാനും തിരഞ്ഞെടുപ്പ് നടത്താനും റിസർവ് ബാങ്കിന് അധികാരം ഉണ്ടാകുമെന്നും ഭേദഗതിയിൽ പറയുന്നു. ഭരണസമിതി അംഗങ്ങളിൽ 51 ശതമാനം പ്രൊഫഷണൽ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരോ ആകണമെന്ന നിർദ്ദേശം കൂടി വരുന്നതോടെ അത് രാഷ്ട്രീയ നിയമനങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന ആശങ്കയും ശക്തമാകുന്നു.

നിശ്ചിത ശതമാനം അംഗങ്ങൾ ഈ യോഗ്യതയില്ലാവരായാൽ റിസർവ് ബാങ്കിന് ഇടപെടാം. ഇപ്പോൾ കേരളാ ബാങ്കിന്റെ തലപ്പത്ത് എത്തിയവർക്ക് അടക്കം മാറേണ്ടി വരുന്ന വിധത്തിലാണ് പുതിയ കേന്ദ്ര നിയമയം. രണ്ടുമാസത്തിനുള്ളിൽ യോഗ്യതയുള്ളവരെ നിയമിക്കാൻ നിർദ്ദേശിക്കും. അതിനിടയിൽ നിയമനം നടത്താനായില്ലെങ്കിൽ ആർ.ബി.ഐ. സ്വന്തം നിലയ്ക്ക് ഒഴിവുനികത്തും. ഇന്ത്യയിൽ എവിടെയുള്ളവരെയും ആർ.ബി.ഐ.ക്ക് ഡയറക്ടറായി നിയമിക്കമെന്നും സഹകരണ ബാങ്കിങ് നിയമ ഭേദഗതിയിൽ പറയുന്നത്. ഇതിനെ കോടതിയിലും ചോദ്യം ചെയ്യാൻ സാധിക്കില്ല.

ഒരു ഭരണസമിതി അംഗത്തിന് എട്ടുവർഷമാണ് കാലാവധി. ചെയർമാന്റെ കാലാവധി അഞ്ചുവർഷം. ചെയർമാൻ മുഴുവൻ സമയ ജീവനക്കാരായിരിക്കും. റിസർവ് ബാങ്ക് നിശ്ചയിക്കുന്ന യോഗ്യതയില്ലാത്തയാളാണ് ചെയർമാനെങ്കിൽ അദ്ദേഹത്തെ ഭരണസമിതിയുടെമാത്രം ചുമതലയുള്ള പാർട് ടൈം ചെയർമാനായി മാറ്റണം. ബാങ്കിന് പ്രത്യേകം മാനേജിങ് ഡയറക്ടറെ നിയമിക്കണം. പാലിച്ചില്ലെങ്കിൽ റിസർവ് ബാങ്കിന് മാനേജിങ് ഡയറക്ടറെ നേരിട്ട് നിയമിക്കാം.

സംസ്ഥാന സർക്കാരുകൾക്ക് സംസ്ഥാനത്തിന്റെ താല്പര്യം അനുസരിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ഏക ബാങ്കിങ് മേഖലയാണ് സഹകരണ ബാങ്കിങ് മേഖല. വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് അവരുടെ ആവശ്യമനുസരിച്ച് വായ്പാപദ്ധതികളും തിരിച്ചടവ് വ്യവസ്ഥകളും ഈടിനുള്ള ചട്ടങ്ങളും രൂപപ്പെടുത്തിയാണ് ഇവ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവർ ബാങ്കിങ് ആവശ്യങ്ങൾക്ക് മുഖ്യമായി സമീപിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. എന്നാൽ, കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കം കേരളത്തെ സഹകരണ ബാങ്കിങ് രംഗത്തിന് കാര്യമായ തിരിച്ചടി ഉണ്ടാക്കുന്നതാണ്.