നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ അസ്തിത്വം. വിവിധ ജാതി, മത, ഭാഷകള്‍ ഒന്നിച്ചു ചേരുന്ന, അധികമെങ്ങും കാണാനാകാത്ത ഒരു അഴക്. ഈ ബഹുസ്വരതയും വ്യത്യസ്തതയുമൊക്കെ ഇന്ത്യാക്കാരുടെ കുടിയേറ്റത്തിലും പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ജീവിക്കുന്നവരുടെയും ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെയും മതാടിസ്ഥാനത്തിലുള്ള ആനുപാതം തികച്ചും വ്യത്യസ്തമാണെന്ന കണ്ടെത്തലുമായി വന്നിരിക്കുകയാണ് അമേരിക്ക ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍.

ഇന്ത്യയില്‍ ജീവിക്കുന്നവരില്‍ ഏകദേശം 80 ശതമാനത്തോളം പേര്‍ ഹിന്ദു മത വിശ്വാസികളാണ്. എന്നാല്‍, ഇന്ത്യയില്‍ നിന്നും വിദേശങ്ങളിലേക്ക് കുടിയേറുന്നവരില്‍ 41 ശതമാനം മാത്രമാണ് ഹിന്ദുക്കള്‍ എന്ന് ലോക കുടിയേറ്റങ്ങളുടെ മതപരമായ ഘടനയെ കുറിച്ചുള്ള സര്‍വ്വേയുടെ ഫലം വെളിപ്പെടുത്തുന്നു. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇസ്ലാമത വിശ്വാസികളുടെ കാര്യം. ഇന്ത്യയില്‍ ജീവിക്കുന്നവരില്‍ 15 ശതമാനം മാത്രമാണ് മുസ്ലീങ്ങള്‍. എന്നാല്‍, ഇന്ത്യയില്‍ നിന്നും കുടിയേറുന്നവരില്‍ 33 ശതമാനം മുസ്ലീങ്ങള്‍ ആണെന്നാണ് സര്‍വ്വേഫലം പറയുന്നത്.

അതിലും വിചിത്രമാണ് ക്രിസ്തുമത വിശ്വാസികളുടെ കാര്യം. ഇന്ത്യയിലെ ജനങ്ങളില്‍ ഏകദേശം 2 ശതമാനമാണ് ക്രിസ്ത്യാനികള്‍. ഏന്നാല്‍, ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളില്‍ കുടിയേറിയവരില്‍ 16 ശതമാനം ക്രിസ്ത്യാനികളാണത്രെ. ജനസംഖ്യാ അനുപാതത്തിന് അനുസരിച്ചല്ലാത്ത രീതിയില്‍ ക്രമാതീതമായാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇന്ത്യയില്‍ നിന്ന് പല രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. സിക്ക്, ജെയിന്‍ തുടങ്ങിയ മതങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ ആനുപാതികമല്ലാത്ത തരത്തില്‍ ഇന്ത്യ വിട്ടിട്ടുണ്ടാകാം എന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റെഫാനി ക്രാമര്‍ പറയുന്നത്.

ആഗോളാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, 280 മില്യനിലധികം പേര്‍, അല്ലെങ്കില്‍ ലോക ജനസംഖ്യയുടെ 3.6 ശതമാനം പേര്‍ കുടിയേറ്റക്കാരാണ്. 2020 ലെ കണക്കുകള്‍ പ്രകാരം, ലോകത്തെ കുടിയേറ്റക്കാരില്‍ 47 ശതമാനം പേരും ക്രിസ്ത്യാനികളാണ്, 29 ശതമാനം മുസ്ലീങ്ങളും 5 ശതമാനം പേര്‍ ഹിന്ദുക്കളുമാണ്. 4 ശതമാനം ബുദ്ധമതക്കാരും 1 ശതമാനം ജൂതന്മാരും കുടിയേറ്റക്കാരാണ് എന്നും ഐക്യ രാഷ്ട്ര സഭയുടെ രേഖകളെയും 270 ഓളം സെന്‍സസ് ഡാറ്റകളെയും സര്‍വ്വേകളെയും അടിസ്ഥാനപ്പെടുത്തി പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നു. അംഗീകൃതമല്ലാത്ത മതങ്ങളില്‍ വിശ്വസിക്കുന്നവരിലും നിരീശ്വരവാദികളിലും 13 ശതമാനത്തോളം പേര്‍ സ്വന്തം രാജ്യം വിട്ട് മറ്റിടങ്ങളില്‍ താമസിക്കുന്നുണ്ട്.

കുഞ്ഞു കുട്ടികള്‍ മുതല്‍, മുതിര്‍ന്നവര്‍ വരെ, സ്വന്തം ജന്മസ്ഥലം വിട്ട് മറ്റിടങ്ങളില്‍ താമസിക്കുന്നവരെയാണ് കുടിയേറ്റക്കാര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലേക്ക് വന്നവരുടെ മത ഘടന രാജ്യത്തെ മത ഘടനയോട് സമാനത പുലര്‍ത്തുന്നതാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ, ലോക ജനസംഖ്യയില്‍ 15 ശതമാനം ഹിന്ദുക്കള്‍ ഉണ്ടെങ്കിലും, കുടിയേറ്റക്കാരില്‍ അത് 5 ശതമാനം മാത്രമാണ്. ഹിന്ദുക്കള്‍ കൂടുതലായി ഇന്ത്യയില്‍ തന്നെ ജീവിക്കാന്‍ അഗ്രഹിക്കുന്നു എന്നതാവാം കാരണമെന്ന് കാര്‍മര്‍ പറയുന്നു.

2010 ലെ കണക്കുകള്‍ പ്രകാരം ഏഷ്യയില്‍ ജീവിക്കുന്ന ഹിന്ദുക്കളില്‍ 90 ശതമാനവും ഇന്ത്യയിലും നേപ്പാളിലുമായാണ് ജീവിക്കുന്നത്. ഈ നില തുടരും എന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും കൂട്ടത്തോടെയുള്ള കുടിയേറ്റം ഉണ്ടായിട്ടില്ല. അതിന് വിപരീതമായി മറ്റു മതവിഭാഗക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാനും തുടങ്ങി. ഹിന്ദുക്കള്‍, പൊതുവെ സ്വന്തം നാട് വിട്ടുപോകാന്‍ മടിക്കുന്നവരാണെങ്കിലും ഏറ്റവും ദൈര്‍ഘ്യമേറിയ ശരാശരി കുടിയേറ്റ ദൂരം ഹിന്ദുക്കള്‍ക്കാണ്. 4988 കിലോമീറ്റര്‍ ദൂരെ വരെയാണ് ഇന്ത്യയില്‍ നിന്നും ഹിന്ദുക്കള്‍ കുടിയേറിയിട്ടുള്ളത്.