ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള അലുമിനിയം പായ്മരത്തിന്റെ പേരില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച ബയേസിയന്‍ എന്ന 56 മീറ്റര്‍ നീളമുള്ള ആഡംബര നൗക അപകടത്തില്‍ പെട്ടതിനുള്ള പ്രധാന കാരണം ഈ പായ്മരം തന്നെയാകാമെന്ന് വിദഗ്ധരുടെ നിഗമനം. ശക്തിയേറിയ കൊടുങ്കാറ്റില്‍ പെട്ട് നൗക തകര്‍ന്ന് കടലിനടിയിലേക്ക് താഴ്ന്നു പോവുകയായിരുന്നു. ഫലം പെട്ടെന്ന് പ്രവചിക്കാന്‍ സ്റ്റാറ്റിസ്റ്റിക്സില്‍ ഉപയോഗിച്ചു വരുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ബയേസിയന്‍ സിദ്ധാന്തത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ ആഡംബര നൗക അപകടത്തില്‍ പെട്ട മൈക്ക് ലിഞ്ചിന്റെ ഭാര്യയുടെ പേരിലുള്ളതാണ്.

ലിഞ്ച് തന്റെ പി എച്ച് ഡി എടുത്തതും പ്രധാനമായും ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. പിന്നീട് തന്റെ ഹ്യൂലെറ്റ് പാക്കാര്‍ഡ് 2011 ല്‍ അദ്ദേഹം 11 ബില്യന്‍ ഡോളറിനായിരുന്നു വിറ്റത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പേരില്‍ ചില കേസുകള്‍ ഉണ്ടായത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന നിയമ പോരാട്ടത്തില്‍ ഇക്കഴിഞ്ഞ ജൂണിലായിരുന്നു ലിഞ്ച് കുറ്റവിമുക്തനാക്കപ്പെട്ടത്. അന്ന്, നിറകണ്ണുകളോടെ കോടതി മുറി വിട്ടിറങ്ങിയ ലിഞ്ചിന്റെ ചിത്രം പാശ്ചാത്യമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.

ഈ കേസിന്റെ വിജയം ആഘോഷിക്കുവാനായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികളുമായി നൗകയില്‍ വിരുന്നിനായി അദ്ദേഹം എത്തിയത്. രാവിലെ 5 മണിയോടെയായിരുന്നു വാട്ടര്‍സ്പൗട്ട് എന്നറിയപ്പെടുന്ന ടൊര്‍ണാഡോ കൊടുങ്കാറ്റ് ഈ ആഡംബര നൗകയെ വിഴുങ്ങിയത്. കാറ്റ് ശക്തമായപ്പോള്‍, ബോട്ടിന്റെ നിയന്ത്രണം കൈവിടാതിരിക്കാന്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കന്‍ ആരംഭിച്ചു എന്ന് തൊട്ടടുത്ത് നങ്കൂരമിട്ടിരുന്ന മറ്റൊരു ബോട്ടിലെ ക്യാപ്റ്റന്‍ പറയുന്നു.ബയേസിയനുമായി കൂട്ടിമുട്ടാതിരിക്കാനും കരുതലെടുത്തു.

ആഞ്ഞുവീശിയ കാറ്റിലും ബോട്ടിന്റെ സ്ഥാനം തെറ്റാതിരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, കാറ്റൊഴിഞ്ഞ് നോക്കിയപ്പോഴാണ് തൊട്ടടുത്തെ കപ്പല്‍ അവിടെയില്ലെന്ന് മ്‌നസ്സിലായത് എന്നും ക്യാപ്റ്റന്‍ പറയുന്നു. പിന്നീട് ആ കപ്പലില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ചിലരെ കടലില്‍ കണ്ടെത്തിയെന്നും അവരെ രക്ഷിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കൂട്ടത്തില്‍ കേവലം ഒരു വയസ്സ് മാത്രം പ്രായമുള്ള സോഫീ എന്നൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.

ആറ് പേരെയാണ് ഇതുവരെ കണ്ടെത്താന്‍ ആകാത്തത്. അതില്‍ മൈക്ക് ലിഞ്ച്, അദ്ദേഹത്തിന്റെ 18 കാരിയായ മകള്‍, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ ജോനാഥന്‍ ബ്ലൂമര്‍, എന്നിവരും ഉള്‍പ്പെടുന്നു. ക്ലിഫോര്‍ഡ് ചാന്‍സ് എന്ന നിയമസ്ഥാപനത്തിലെ അഭിഭാഷകനായ ക്രിസ് മോറോവില്ലോ, അദ്ദേഹത്തിന്റെ പത്‌നി, ബ്ലൂമറുടെ പത്‌നി എന്നിവരാണ് കാണാതായ മറ്റു മൂന്നുപേര്‍. അതിശക്തമായ കാറ്റായിരുന്നു എന്നും അത് എത്തുന്നത് കണ്ടില്ലെന്നുമാണ് അപകടത്തില്‍ പെട്ട കപ്പലിന്റെ ക്യാപ്റ്റന്‍ പറയുന്നത്.