കീവ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. യുക്രെയ്‌നിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയടക്കം തകര്‍ത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി നടത്തിയ സന്ദര്‍ശനത്തിലാണ് വിമര്‍ശനം. കുട്ടികളുടെ ആശുപത്രിയില്‍ റഷ്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ടാണ് സെലെന്‍സ്‌കിയുടെ എക്സിലെ പോസ്റ്റ്.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്‌കോയില്‍വെച്ച് കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവുമാണ്', സെലെന്‍സ്‌കി എക്സില്‍ കുറിച്ചു.

റഷ്യന്‍ ആക്രമണത്തില്‍ 37-ഓളം പേര്‍ മരിച്ചിരുന്നു. റഷ്യന്‍ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദര്‍ശിച്ചത് 'വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവും' ആണ് ഉണ്ടാക്കിയതെന്ന് സെലെന്‍സ്‌കി വിമര്‍ശിച്ചു.

മോദിയുടെ രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. അഞ്ചുനഗരങ്ങളെ ലക്ഷ്യമിട്ട് നാല്‍പ്പതിലധികം മിസൈലുകള്‍ തിങ്കളാഴ്ച യുക്രെയ്‌നില്‍ പതിച്ചതായി പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ഫ്ളാറ്റ് സമുച്ചയങ്ങളെയും പൊതുസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹൈപ്പര്‍സോണിക് മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്നും സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നും യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.

യുക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയിലേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ജൂണ്‍ 14ന് ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രധാനമന്ത്രിയെ കണ്ടത്. ജൂലൈ 8ന് റഷ്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പുട്ടിന്റെ ആതിഥ്യവും ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീകരിക്കുന്നു. ഇത് രണ്ടും സംഭവിക്കുന്നത് നരേന്ദ്ര മോദി മൂന്നാമത് പ്രധാനമന്ത്രിയായതിന് ശേഷമാണ് എന്നതിനുമുണ്ട് പ്രത്യേകത. റഷ്യയ്ക്ക് പുറമേ മോദി രണ്ട് ദിവസം ഓസ്ട്രിയയിലും സന്ദര്‍ശനം നടത്തുന്നുണ്ട്.

ഒട്ടേറെ മലയാളികള്‍ ലക്ഷ്യം വയ്ക്കുന്ന യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ന് ഓസ്ട്രിയ. നീണ്ട 41 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ എത്തുന്നതെന്ന പ്രത്യേകത കൂടി ഈ സന്ദര്‍ശനത്തിനുണ്ട്. സാധാരണ അധികാരമേറ്റയുടന്‍ അയല്‍രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പതിവാണ് മോദിക്കുണ്ടായിരുന്നത്. 2014ല്‍ ഭൂട്ടാനിലും 2019ല്‍ മാലദ്വീപിലും സന്ദര്‍ശനം നടത്തിയ മോദി പക്ഷേ ഇക്കുറി യൂറോപ്പിലേക്കാണ് പറന്നത്. അതും അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍.

ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയായിരുന്നു ലക്ഷ്യം. എന്നാല്‍ മുന്‍കൂട്ടി ഉച്ചകോടിക്കായി നിശ്ചയിച്ച ഈ യാത്രയെ ഉഭയകക്ഷി സന്ദര്‍ശന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശന യാത്ര ഏത് രാജ്യത്തിലേക്കാവുമെന്ന ആകാംക്ഷ നിലനിന്നിരുന്നു.