കൊച്ചി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. എല്ലാ എംഎൽഎമാരും പങ്കെടുക്കണോ എന്നത് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം. എംഎൽഎമാരുടെ ബന്ധുക്കളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കാമോ എന്ന് പരിശോധിക്കണം. കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്നും ഹൈക്കോടതിയുടെ നിർദ്ദേശം. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം ശരിയല്ലെന്നും ഹെക്കോടതി അഭിപ്രായപ്പെട്ടു.

കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്തു നടത്തുന്ന ചടങ്ങ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അനിൽ തോമസ്, ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ എന്നിവർ ചീഫ് ജസ്റ്റിസിനു കത്തു നൽകിയിരുന്നു. നാളെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.

കോവിഡ് രണ്ടാം വ്യാപനം ശക്തമായ സാഹചര്യത്തിൽ നാലു ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ സർക്കാർ തന്നെ ഉത്തരവ് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കോവിഡ് സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിൽ കോടതി വാദത്തിനിടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ചടങ്ങിൽ പരമാവധി എത്ര പേർ പങ്കെടുക്കുമെന്ന് അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. 500 പേർ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സർക്കാർ വ്യക്തമാക്കി. ഗവർണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവർത്തകരും അടക്കമാണ് 500 പേരെ പങ്കെടുപ്പിക്കാൻ ലക്ഷ്യമിട്ടതെന്നും കർശന നിബന്ധനകളുണ്ടന്നും സർക്കാർ വ്യക്തമാക്കി. പരമാവധി 350 പേരേ എത്തുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.