തലശേരി: തലശേരി ചിറക്കക്കാവ് ക്ഷേത്രം ശാന്തിയുടെ അഞ്ചര പവൻ തൂക്കമുള്ള മാല മോഷ്ടിച്ച കേസിൽ ക്ഷേത്ര ജീവനക്കാരി അറസ്റ്റിൽ. തലശേരി കൊടുവള്ളിയിലെ ചിറമ്മൽ വീട്ടിൽ കെ.റീജയാണ് (50) അറസ്റ്റിലായത്.

പ്രതിയെ മോഷണം നടന്ന ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കി കഴിഞ്ഞ ഓഗസ്റ്റ് 15 ന് വൈകുന്നേരം നാലരയോടെ ക്ഷേത്രത്തിലെ ശാന്തിക്കാരനായ മാടമന. സുബ്രഹ്‌മണ്യൻ നമ്പൂതിരിയുള്ള അഞ്ചര പവൻ. തൂക്കമുള്ള സ്വർണമാലയാണ് ക്ഷേത്രത്തിനകത്തെ തിടപ്പള്ളിയിൽ വെച്ചു മോഷണം പോയത്.

മാല ഊരിവെച്ചതിനു ശേഷം ദേഹശുദ്ധി നടത്താൻ പോയതായിരുന്നു ശാന്തി. തിരിച്ചു വന്നപ്പോഴാണ് മാല കാണാതായതെന്നു പറയുന്നു. ശാന്തിക്കാരൻ ദേവസ്വം എക്‌സിക്യുട്ടിവ് ഓഫിസർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ധർമ്മടം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ധർമടം എസ്‌ഐ. ടി.പി സുമേഷിന്റെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാരെ മുഴുവൻ ചോദ്യം ചെയ്യുകയും ഒടുവിൽ ശാസ്ത്രിയമായ അന്വേഷണത്തിനൊടുവിൽ റീജയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമാവുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്‌ച്ച മാത്രമേ ചോദ്യം ചെയ്യാൻ കഴിഞ്ഞുള്ളു.ഇവർ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച മാല ബാങ്കിൽ പണയം വെച്ചുവെന്ന് സമ്മതിക്കുകയുമായിരുന്നു.

ഇവരുടെ വീട്ടിൽ നിന്നും 84000 രൂപയും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് എസ്‌ഐമാരായ എം.സി രതീ ഷ് കെ.ശ്രീജിത്ത് എന്നിവരും നേതൃത്വം നൽകി.