പാലക്കാട്: സിനിമാക്കഥയെ വെല്ലുന്നതാണ് നെന്മാറ അയിലൂർ കാരക്കാട്ടുപറമ്പിലെ റഹ്മാന്റെയും സജിതയുടെയും പ്രണയകഥ. അയൽവാസികളായ യുവതിക്കും യുവാവിനും പരസ്പരം തോന്നിയ ഇഷ്ടത്തിന് മതത്തിന്റെ വേലിക്കെട്ടുകൾ തടസ്സമാകുന്ന് ഭയന്നവർ. പത്തുകൊല്ലത്തിന് ശേഷം ഒളിവുജീവിതം റഹ്മാനും സജിതയും അവസാനിപ്പിക്കുകയാണ്. ഒരുമിച്ച് എല്ലാവരും കാൺകെ അവർ ജീവിതം തുടങ്ങി കഴിഞ്ഞു.

റഹ്മാന്റെ വീട്ടിൽനിന്നു പത്തുവീട് അകലെയാണ് സജിതയുടെ വീട്. റഹ്മാന്റെ സഹോദരിയുടെ സുഹൃത്തുകൂടിയായിരുന്ന സജിത വല്ലപ്പോഴും വീട്ടിലേക്ക് വരുമായിരുന്നു. അങ്ങനെ സഹോദരിയുടെ കൂട്ടുകാരിയുമായി റഹ്മാൻ പ്രണയം തുടങ്ങി. രണ്ടുസമുദായക്കാരായ ഇവരുടെ ബന്ധത്തിൽ വീട്ടുകാർക്ക് താത്പര്യമില്ലെന്നറിഞ്ഞതോടെ എങ്ങനെയും ഒരുമിക്കണമെന്നായി. 18-ാം വയസ്സിൽ സജിത വീടുവിട്ടിറങ്ങി. പിന്നെ ആരും അറിയാതെ ഒരുമിച്ചൊരു ജീവിതം. സജിതയെ കാണാതായപ്പോൾ തന്നെ റഹ്മാനെ കുടുംബം സംശയിച്ചിരുന്നു. എന്നാൽ വീട്ടിൽ തന്നെ തുടർന്ന റഹ്മാൻ സംശയത്തിന് അതീതനായി. അങ്ങനെ സജിത നാടുവിട്ട പെണ്ണുമായി.

സൗകര്യങ്ങളൊന്നുമില്ലാത്ത, തന്റെ ഓടിട്ട ചെറിയവീട്ടിൽ റഹ്മാൻ താത്കാലികമായി സജിതയെ താമസിപ്പിച്ചു എന്നതാണ് വസ്തുത. റഹ്മാന്റെ വീട്ടുകാർപോലും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. സജിതയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതിനൽകി. റഹ്മാനുൾപ്പെടെ സ്ഥലത്തെ പലരെയും പൊലീസ് ചോദ്യംചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സജിതയുടെ തിരോധാനം പൊലീസും വീട്ടുകാരും മറന്നു. അപ്പോഴും റഹ്മാന്റെ തണലിൽ വീട്ടുകാരുടെ തൊട്ടടുത്ത് അവൾ ജീവിക്കുന്നുണ്ടായിരുന്നു.

ചുമരുകൾ വിണ്ടുകീറിയ, ഇരുട്ടുമൂടിയ ഒറ്റമുറി. കാലുനീട്ടി കിടക്കാൻപോലും ഇടമില്ല. റഹ്മാന്റെ വീട്ടിലെ ഈ മുറിയിലാണ് പത്തുവർഷത്തോളം സജിത കഴിഞ്ഞത്. വിവരം പുറത്തറിഞ്ഞാൽ എന്താവുമെന്ന് ഭയന്നത്തോടെ ഇലക്ട്രീഷ്യനായ റഹ്മാൻ സജിതയെ പുറത്തുകാണിക്കാതിരിക്കാൻ പല ഉപായങ്ങളും തേടി. പുറത്തുനിന്ന് പൂട്ടുമ്പോൾ വാതിലിന്റെ അകത്തുള്ള ഓടാമ്പലും താനേ അടയുന്ന ലോക്കിങ് സിസ്റ്റമായിരുന്നു ആദ്യത്തേത്. പൂട്ടിക്കിടക്കുന്ന ഓടാമ്പലിൽ ആരെങ്കിലും തൊട്ടാൽ ചെറിയ ഷോക്കടിക്കും.

അതിനാൽ റഹ്മാൻ ജോലിക്കുപോകുമ്പോഴും വീട്ടിലുള്ളവർ വാതിലിൽ തൊടില്ല. പ്രാഥമിക കൃത്യനിർവഹണങ്ങൾക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. ഇതിനായി മുറിയിലുള്ള ചെറിയ ജനലിലെ അഴികൾ എടുത്തുമാറ്റി. ആരോടും മിണ്ടാതെ മുറിക്കകത്തിരിക്കുന്ന സജിത ജോലികഴിഞ്ഞ് റഹ്മാൻ വരുമ്പോൾ മാത്രമാണ് സംസാരിക്കുക. അപ്പോഴെല്ലാം മുറിയിലെ ചെറിയ ടി.വി. ശബ്ദംകൂട്ടിവെച്ചു. അങ്ങനെ വീട്ടുകാരെ പറ്റിച്ചു. തനിക്ക് ഭ്രാന്തുണ്ടെന്ന തോന്നൽ പോലും കാമുകിക്ക് വേണ്ടി റഹ്മാൻ സൃഷ്ടിച്ചു.

റഹ്മാൻ മുറിപൂട്ടാൻ വാതിലിന് അകത്തും പുറത്തും യന്ത്ര സംവിധാനം ഘടിപ്പിക്കുകയാണ് ചെയ്തത്. സ്വിച്ചിട്ടാൽ ലോക്കാവുന്ന ഓടാമ്പലും സജ്ജീകരിച്ചു. രണ്ടുവയറുകൾ വാതിലിന് പുറത്തേക്കിട്ടിരുന്നതിൽ തൊട്ടാൽ ഷോക്കടിക്കുമെന്ന ഭയം വീട്ടുകാരിലുണ്ടാക്കി. ജനലഴി ഇളക്കിമാറ്റി. വാതിലിനു പിറകിലൊരു ടേബിളും ചേർത്തുവച്ച് പ്രണയിനിക്ക് സുരക്ഷയൊരുക്കി. മുറിയിലിരുന്നാൽ വീട്ടിൽ വരുന്നവരെയും പോകുന്നവരെയും വാതിൽപ്പാളിയിലൂടെ കാണാം. രാത്രിയിൽ പുറത്തിറങ്ങുന്നതിന് പുറമെ പകൽസമയത്ത് ആളില്ലാത്ത സമയം കണ്ടെത്തി ടോയ്‌ലറ്റിൽ പോയി. വസ്ത്രങ്ങൾ വൃത്തിയാക്കി.

മൂന്നുമാസംമുമ്പ് വീട്ടിൽനിന്ന് റഹ്മാനെ കാണാതായി. പൊലീസ് അന്വേഷണത്തിനിടെ, റഹ്മാനെ നെന്മാറയിൽവെച്ച് സഹോദരൻ കാണുകയും പൊലീസിൽ അറിയിക്കുകയുംചെയ്തു. താൻ ഇപ്പോൾ വാടകവീട്ടിലാണെന്നും ഒപ്പം സജിതയും ഉണ്ടെന്നും ചോദ്യംചെയ്യലിൽ പറഞ്ഞതോടെയാണ് പ്രണയകഥ പുറത്തായത്. റഹ്മാന്റെ വീട്ടിലെത്തിയ പൊലീസിനോട്, റഹ്മാനും സജിതയും പത്തുവർഷത്തെ ജീവിതം വിവരിച്ചു. കോടതി അനുമതിയോടെ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്.