ഇടുക്കി: ഇടുക്കിയിൽ പതിനാല് വയസുള്ള പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈസൺവാലി സ്വദേശിയായ ബന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്ക് കോവിഡ് പിടിപെട്ടതോടെ പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കിയിരുന്നു. ബന്ധുവീട്ടിൽ കഴിയവെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

കഴിഞ്ഞ മാസം 29ന് ആണ് ബൈസൺവാലി സ്വദേശിയായ പതിനാലുകാരി അടിമാലി താലൂക് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.

പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചുപോയതാണ്. അമ്മ പെരുമ്പാവൂരിൽ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. കോവിഡ് കാലത്തിനു മുമ്പ് അമ്മക്കൊപ്പമായിരുന്നു കുട്ടിയും താമസിച്ചിരുന്നത്. കൊവിഡായതോടെ പെൺകുട്ടിയെ ബൈസൺവാലിയിലെ ബന്ധു വീട്ടിലാക്കുകയായിരുന്നു. ബൈസൺവാലിയിലെ ബന്ധുവിന് നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.

2020 ഡിസംബറിൽ ഈ വീട്ടിൽ വെച്ച് ബന്ധു തന്നെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. ശേഷം ഗർഭിണിയായ വിവരവും മറച്ചുവെച്ചു. പെൺകുട്ടിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.

അടിമാലി താലൂക്കാശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുവിനെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലെ നിരീക്ഷണത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കും. ഇവിടെ നിന്ന് ഇരുവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.