തിരുവനന്തപുരം: പാമോലിൻ, രാജൻ, ചാരക്കേസുകളിൽ കെ കരുണാകരനെ പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നുകേസിലും നിരപരാധിയായിരുന്ന കരുണാകരൻ പാർട്ടിക്കുള്ളിലും കോടതിക്കുള്ളിലും വിചാരണ ചെയ്യപ്പെട്ടതായും സതീശൻ പറഞ്ഞു.

റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ എസ് പ്രേമചന്ദ്രക്കുറുപ്പ്  രചിച്ച 'ലീഡർക്കൊപ്പം മൂന്നരപതിറ്റാണ്ട്' സർവീസ് സ്റ്റോറി പ്രകാശിപ്പിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെ മുരളീധരൻ എംപി പുസ്തകം ഏറ്റുവാങ്ങി.

പാമോലിൻ ഇടപാടിൽ സംസ്ഥാനത്തിന് നേട്ടമാണുണ്ടായതെന്നും സതീശൻ കൂട്ടിച്ചേർത്തു. അതാരും മനസ്സിലാക്കിയില്ല. കരുണാകരനെപ്പോലെ മതേതരത്വം ഉയർത്തിപ്പിടിച്ചൊരു നേതാവ് കേരളത്തിലുണ്ടായിരുന്നില്ല. തികഞ്ഞ ദേശീയവാദിയായ കെ. കരുണാകരൻ അപാര നർമബോധത്തിന് ഉടമയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരൻ എംപി പുസ്തകം സ്വീകരിച്ചു. കരുണാകരന്റെ ജീവിതം വേട്ടയാടലുകളുടേതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാജൻ മരിച്ചെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. താൻ രാജിവച്ചാൽ രാജൻ പുറത്തുവരുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ തയാറായിരുന്നില്ല. ഉദ്യോഗസ്ഥർക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതായിരുന്നു കാരണമെന്നും മുരളീധരൻ പറഞ്ഞു.

ഡി.ഐ.ജി ജയറാംപടിക്കലിനെ വിശ്വസിച്ചതാണ് രാജൻ കേസിൽ കെ. കരുണാകരന് വിനയായതെന്നാണ് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് പുസ്തകത്തിലൂടെ തുറന്നുകാട്ടുന്നത്. രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന വിവരമാണ് അദ്ദേഹത്തിന് നൽകിയത്. പാമോലിൻ കേസിലും ചാരക്കേസിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരും പ്രതിപക്ഷവും സ്വന്തം പാർട്ടിയിലെ ചിലരും ചേർന്ന് കരുണാകരനെ കേസിൽപെടുത്തുകയായിരുന്നു. ചാരക്കേസിൽ നമ്പിനാരായണൻ ഉൾപ്പെടെയുള്ളവർക്ക് വൈകിയെങ്കിലും നീതികിട്ടി. പക്ഷേ, കരുണാകരന് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് പ്രേമചന്ദ്രക്കുറുപ്പ് പറയുന്നു. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്, ഭാരത് വിദ്യാഭവൻ ഉപാധ്യക്ഷൻ ഡോ. വി. ഉണ്ണികൃഷ്ണൻനായർ, സി. ഉണ്ണികൃഷ്ണൻ, അജിത്ത് വെണ്ണിയൂർ, ഗ്രന്ഥകർത്താവ് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് എന്നിവർ സംസാരിച്ചു.