എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടത്തുള്ളൽ നടന്നു. അയ്യപ്പൻ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹം നടത്തിയതിന്റെ സ്മരണ പുതുക്കിയാണ് എരുമേലി പേട്ടത്തുള്ളൽ. ഉച്ചക്ക് 12 മണിയോടെ മാനത്തു ശ്രീ കൃഷ്ണ പരുന്തിനെ കണ്ടതോടെ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം പേട്ട അമ്പലത്തിൽ നിന്നും പേട്ടതുള്ളിയിറങ്ങി. നൈനാർ ജുമാ മസ്ജിദിൽ ജമാ അത്ത് അംഗങ്ങൾ സ്വീകരിച്ചു. ജമാ അത്ത് പ്രസിഡന്റ് പി. എ. ഇർഷാദ് പൊന്നാടയണിയിച്ചു.

നൈനാർ പള്ളിയിൽ നിന്നുയർന്ന ബാങ്ക് വിളിയും ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണമന്ത്രവും മാനവ മൈത്രിയുടെ സംഗമ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പള്ളിയിൽ നിന്നും വാവരുടെ പ്രതിനിധിയായി ടി. എച്ച്. ആസാദ് താഴത്തുവീട്ടിൽ സംഗത്തിനൊപ്പം ചേർന്നു. അയ്യപ്പന്റെ മാതാവിന്റെ പ്രതിനിധികളായാണ് അമ്പലപ്പുഴ സംഘമെത്തുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ഉച്ചപൂജയ്ക്ക് ശേഷം അമ്പലപ്പുഴ ഭഗവാൻ കൃഷ്ണപരുന്തിലേറിയെത്തുന്നതായാണ് വിശ്വാസം.

ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സംഗം പേട്ടതുള്ളി നീങ്ങി. ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ശബരിമല അയ്യപ്പ സേവസമാജം ദേശീയ ഭാരവാഹി സ്വാമി അയ്യപ്പദാസ് എന്നിവർ സംഘത്തെ അനുഗമിച്ചു.