പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ ദർശന സമയം നീട്ടും. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് തന്ത്രി അനുമതി നൽകിയത്. ഇതുപ്രകാരം ഇനി മുതൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് നട തുറക്കും. ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിലാണ് തീരുമാനം.

രണ്ടുദിവസമായി ഭക്തരുടെ ഒഴുക്ക് തുടരുന്നതോടെ ശബരിമലയിൽ ദർശനത്തിനുള്ള ക്യൂ 14 മണിക്കൂർ മുതൽ 18 മണിക്കൂറിലേറെ നീണ്ടിരുന്നു. വെള്ളിയാഴ്ച പമ്പയിലെത്തിയവർക്ക് ശനിയാഴ്ചയാണ് ദർശനം നടത്താനായത്. തിരക്കേറിയതോടെ വെള്ളിയാഴ്ച വൈകീട്ടു മുതൽ പമ്പയിൽ നിന്നുതന്നെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

പമ്പയിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.

തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ 17 മണിക്കൂർ ദർശനസമയം എന്നത് രണ്ടു മണിക്കൂർ കൂടി വർധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. എന്നാൽ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ കമ്മീഷണർ സന്നിധാനത്ത് തുടർന്ന് തിരക്ക് നിയന്ത്രണം സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു.

14 മണികൂർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ശബരിമല ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്‌സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ പരാതി. തിരക്ക് നിയന്ത്രിക്കുന്നിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരത്തിലാണെന്നും ആക്ഷേപമുണ്ട്. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്‌സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീർത്ഥാടകർ പറയുന്നു.

പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. സ്‌പോട് ബുക്കിങ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തർക്കം തുടരുന്നതിനിടെ വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കൽ റൂട്ടിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്.