ശബരിമല: ശബരിമലയിലെ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശരണമന്ത്രങ്ങളോടെ ഭക്തജനങ്ങൾ ദർശനപുണ്യം നുകർന്നു. വൈകിട്ട് ആറരയോടു കൂടി ശ്രീകോവിൽ നടതുറന്നതിന് പിന്നാലെയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. ഭക്തജനലക്ഷങ്ങൾ ശരണംവിളികളോടെ മൂന്ന് തവണ മകരവിളക്ക് ദർശിച്ചു.

നേരത്തെ പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. വൈകിട്ട് ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തിൽ എത്തിയപ്പോൾ തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുകയും ചെയ്തു.

മകരവിളക്ക് ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പന്മാരുടെ വൻസംഘമാണ് തമ്പടിച്ചിരുന്നത്. സുരക്ഷയ്ക്കും ദർശനത്തിനും മുൻഗണന നൽകിയുള്ള പ്രവർത്തനം അധികൃതർ നേരത്തെ തന്നെ നടത്തിയിരുന്നു. സന്നിധാനത്തിന് പുറമെ പമ്പ ഹിൽട്ടോപ് അടക്കം പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്മല, ഇലവുങ്കൽ, അട്ടത്തോട്, പടിഞ്ഞാറേ കോളനി തുടങ്ങിയ വ്യൂ പോയിന്റുകളായിരുന്നു ഒരുക്കിയിരുന്നത്. കനത്ത സുരക്ഷയാണ് എല്ലാ വ്യൂ പോയിന്റുകളിലും ഒരുക്കിയിരുന്നത്.

അതേസമയം ദർശനത്തിന് വന്നവരുടെ തിരക്ക് നിയന്തിക്കാൻ പൊലീസ് കൊണ്ടു വന്ന മണ്ടൻ പരിഷ്‌കാരം പാളുന്നതയും കണ്ടു. സ്റ്റാഫ് ഗേറ്റിന് മുന്നിൽ തീർത്ഥാടകരെയും മാധ്യമപ്രവർത്തകരെയും പൊലീസ് മർദിച്ചു. മഫ്ടിയിലെത്തിയ ഐജി പി. വിജയൻ അടി കൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.

പിഞ്ചുകുട്ടികൾ അടക്കമുള്ള തീർത്ഥാടകർക്കും മാധ്യമ പ്രവർത്തകർക്കും നേരേയായിരുന്നു പൊലീസ് അതിക്രമം. പ്രത്യേക പാസുമായി സ്റ്റാഫ് ഗേറ്റിലൂടെ തിരുമുറ്റത്തേക്ക് പ്രവേശിക്കാൻ എത്തിയ പിഞ്ചു കുട്ടികൾ അടക്കമുള തീർത്ഥാടകരെ പൊലീസ് വലിച്ചെറിഞ്ഞു. മാധ്യമ പ്രവർത്തകരെയും പൊലീസ് കൈയേറ്റം ചെയ്തു. സന്നിധാനം സ്‌പെഷ്യൽ കമ്മീഷണർ എം. മനോജിന്റെ സാന്നിധ്യത്തിൽ പോലും പൊലീസ് തീർത്ഥാടകർക്ക് നേരേ ബലപ്രയോഗത്തിന് മുതിർന്നു. വൈകിട്ട് നാലു മണി മുതലുള്ള ഒരു മണിക്കൂർ ആയിരുന്നു തീർത്ഥാടകർക്ക് നേരെയുള്ള പൊലീസിന്റെ കൈയാങ്കളി.

പൊലീസ് അതിക്രമം അതിരുവിട്ടതോടെ ഇതര സംസ്ഥാന തീർത്ഥാടകർ അടക്കമുള്ളവർ സംഘം ചേർന്ന് പൊലീസിന് നേരേ ഗോ ബാക്ക് വിളിച്ചു. സ്റ്റാഫ് ഗേറ്റിന്റെ മുമ്പിലെ തിക്കുംതിരക്കും ഒഴിവാക്കുന്നതിനായി മുൻകാലങ്ങളിൽ ഗേറ്റിന് മൂന്നു വശങ്ങളിലുമായി ബാരിക്കേടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ ഒഴിവാക്കി നടത്തിയ തിരക്ക് നിയന്ത്രണത്തിലാണ് പൊലീസിന് വൻപാളിച്ച സംഭവിച്ചത്.

സ്റ്റാഫ് ഗേറ്റിന് ഇരുവശങ്ങളിലുമായി കൈകോർത്ത് ചങ്ങല സൃഷ്ടിച്ച് ഇതിനുള്ളിലൂടെ പ്രത്യേക പാസുമായി എത്തിയവരെ കടത്തി വിടാൻ പൊലീസ് നടത്തിയ നീക്കമാണ് തിക്കും തിരക്കിലും കൈയേറ്റത്തിലും കലാശിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ ആജ്ഞകൾ പോലും വക വയ്ക്കാതെ ആംഡ് പൊലീസ് അടക്കമുള്ളവർ തീർത്ഥാടകരെ കൈയേറ്റം ചെയ്യുകയായിരുന്നു. അതിനിടെ മഫ്ടിയിൽ വന്ന ഐജിയെ തിരിച്ചറിയാതെ പൊലീസുകാർ കൈയേറ്റത്തിന് ഒരുങ്ങുകയായിരുന്നു. കാര്യങ്ങൾ പൊലീസിന്റെ കൈ വിട്ടു പോയതോടെ കേന്ദ്ര സേനയെത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.