പത്തനംതിട്ട: മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മണ്ഡല മഹോത്സകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കുമിടയിൽ നടന്നു. 41 ദിവസം നീണ്ട മണ്ഡല തീർത്ഥാടനത്തിനാണ് ഇന്ന് സമാപനമാവുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളിൽ ശബരിമല ചവിട്ടി സന്നിധാനത്ത് എത്തിയത്. ശനി, ഞായർ ദിവസങ്ങളിലും മറ്റു പൊതുഅവധി ദിനങ്ങളിലും ലക്ഷത്തിലേറെ പേർ ദർശനം നടത്തി.

തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തങ്കയങ്കിചാർത്തിയുള്ള പൂജ. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവായിരുന്നെങ്കിലും ഇന്നും ആയിരങ്ങളാണ് മണ്ഡല പൂജയ്ക്കായി എത്തിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, എഡിജിപി എം.ആർ.അജിത് കുമാർ, ആലപ്പുഴ കലക്ടർ കൃഷ്ണതേജ ഐഎഎസ് തുടങ്ങിയവർ ഇന്ന് ശ്രീകോവിലിന് മുന്നിൽ സന്നിഹിതരായി. വൈകീട്ട് ആറരയ്ക്കായിരുന്നു തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന.

രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. എന്നാൽ ഡിസംബർ 31 മുതൽ മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. ജനുവരി 14 ന് ആണ് മകരവിളക്ക്.