പത്തനംതിട്ട: മകരസംക്രമ സന്ധ്യയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ച ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്.

അതേസമയം, പന്തളം കൊട്ടാരത്തിലെ അംഗം അന്തരിച്ച സാഹചര്യത്തിൽ തിരുവാഭരണവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ ചടങ്ങുകളും വേണ്ടെന്നുവച്ചു. അതിനാൽ തിരുവാഭരണത്തോടൊപ്പം രാജപ്രതിനിധി ശബരിമലയിലേക്കു പോകില്ല.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ വൃശ്ചികം ഒന്നുമുതൽ ദർശനത്തിനുവച്ചിരുന്ന തിരുവാഭരണങ്ങൾ വ്യാഴാഴ്ച പുലർച്ചെ നാലിനാണ് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽനിന്ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങിയത്. പുലർച്ചെ 4.30 മുതൽ വലിയകോയിക്കൽ ക്ഷേത്രസോപാനത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിനുവച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ട് പുതിയകാവ് ദേവീക്ഷേത്രത്തിൽ ഘോഷയാത്ര വിശ്രമിക്കും. വെള്ളി വൈകിട്ട് ളാഹ വനംവകുപ്പ് സത്രത്തിൽ ക്യാംപ് ചെയ്യും. ശനി പുലർച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്ക് പോകും. ഘോഷയാത്ര ശരംകുത്തിയിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും.