തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലൂടെ പോയ ആലത്തൂർ എംപി രമ്യ ഹരിദാസിന് നേരെ വധഭീകഷണി. രമ്യാ ഹരിദാസിന്റെ വാഹനം സിപിഎം പ്രവർത്തകർ തടയുകയും വാഹനത്തിൽ കരിങ്കൊടി കെട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി.

തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിക്ക് പോകുമ്പോൾ രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കാറിന്റെ മുൻസീറ്റിലായിരുന്നു താൻ. സിപിഎം പ്രവർത്തകർ തടഞ്ഞതോടെ വാഹനം നിർത്തി. ഇതിനിടെ ഒന്നുരണ്ടുപേർ വാഹനത്തിൽ ഇടിക്കുകയും, വാഹനത്തിൽ കരിങ്കൊടി കെട്ടുകയുമായിരുന്നു.

കോൺഗ്രസുകാർ ആരും ഇതുവഴി പോകേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ഹരിദാസ് പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞ് പൊലീസ് എത്തി പ്രവർത്തകരെ മാറ്റിയാണ് എംപിയുടെ വാഹനം കടത്തിവിട്ടത്. പൊലീസിൽ പരാതി നൽകിയതായി രമ്യ ഹരിദാസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു എംപി.

വാഹനത്തിൽ എംപി എന്നെഴുതിയ ബോർഡും ഉണ്ടായിരുന്നു. ഇത് കണ്ടാണ് ഡിവൈഎഫ്‌ഐക്കാർ പാഞ്ഞടുത്തത്. മുന്നിൽ രമ്യാ ഹരിദാസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു.