ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൈനികർ പ്രതിഷേധിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ കരസേന. ഒരു സമരപ്പന്തലിന് താഴെ സൈനികർ സാധാരണക്കാരോടൊപ്പം നിൽക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകർക്ക് പഞ്ചാബ് റെജിമെന്റിലെ സൈനികർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ ഇത് നിഷേധിച്ച് കരസേന രംഗത്തെത്തുകയായിരുന്നു.

വിവാദ കാർഷിക ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ 11 മാസത്തോളമായി സമരത്തിലാണ്. ഇതിനിടെ 750 കർഷകർ മരിച്ചെന്നും കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത്.