പള്ളിവാസൽ: ഇടുക്കി പള്ളിവാസലിൽ പതിനേഴുകാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തിലുമുള്ളത് കുത്തേറ്റ പാടുകൾ. അരുണിന്റെ നെഞ്ചിലാണ് രണ്ട് മുറിവുകൾ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്താനും പൊലീസ് ഒരുങ്ങുന്നുണ്ട്. മൂന്നാമത് ഒരാളുടെ സാന്നിധ്യമുണ്ടോ എന്നതാകും പൊലീസ് പരിശോധിക്കുക. എന്നാൽ, ഇതുവരെയുള്ള അവസ്ഥയിൽ അരുൺ രേഷ്മയെ കൊന്ന് ആത്മഹത്യ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മൽപ്പിടുത്തത്തിനിടെ കുത്തേറ്റതാകാം നെഞ്ചിലുള്ള മുറിവെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവർഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റർ അകലെ നാട്ടുകാരാണ് മരക്കൊമ്പിൽ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.

രേഷ്മ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറുപ്പ് രാജകുമാരിയിലെ വാടക മുറിയിൽനിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുൺ ആത്മഹത്യ ചെയ്‌തേക്കാമെന്ന നിഗമനത്തിൽ കഴിഞ്ഞ ദിവസം ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാത്രിയോടെ അരുൺ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടന്ന വെള്ളിയാഴ്ച മുതൽ അരുൺ സമീപ പ്രദേശങ്ങളിൽ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് ഉറപ്പിക്കുന്നു.

കൊലപാതക ദിവസം വൈകിട്ട് രേഷ്മയും അരുണും ഒന്നിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്നാണ് അരുണിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയത്. ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും രേഷ്മയുടെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റിൽ അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകൾ ഉണ്ട്.

ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തൽ. മരപ്പണിക്കാരനായ അരുണിന്റെ പക്കൽ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുമുണ്ട്. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

വെള്ളിയാഴ്ച രാത്രി 10 മണിയോടടുത്ത് പള്ളിവാസൽ പവർഹൗസ്സിന് സമീപം ഈറ്റക്കാട്ടിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് രേഷ്്മയെ കണ്ടെത്തുന്നത്.വെള്ളത്തുവൽ പൊലീസ് ഉടൻ രേഷ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.ഇവിടുത്തെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

സംഭവത്തെത്തുടർന്ന് പ്രദേശമാകെ പൊലീസും നാട്ടുകാരും ചേർന്ന് അരിച്ചുപെറുക്കിയിരുന്നെങ്കിലും അരുണിനെ കണ്ടെത്തിയിരുന്നില്ല.രേഷ്മയ്ക്ക് കുത്തേറ്റ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ദൂരത്തിൽ മാവിന്റെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അരുണിന്റെ ജഡം കാണപ്പെട്ടത്. സമീപത്തുകൂടിയാണ് മുതിരപ്പുഴയാർ ഒഴുകുന്നത്. സമീപത്തെ വീട്ടുകാർ വെള്ളമെടുക്കുന്നതിന് മോട്ടോറുമായി ഘടിപ്പിച്ചിരുന്ന പമ്പ് കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ അഴിച്ചാണ് അരുൺ കഴുത്തിൽ കുടുക്കിട്ടതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അരുണിന്റെ മൃതദ്ദേഹം കണ്ടെത്തിയതിന് സമീപത്തുള്ള പ്ലാവിൽ നിന്നും പറിച്ചെടുത്ത മൂക്കാത്ത ചക്ക ഇടിച്ചുപൊളിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.വിശപ്പുസഹിക്കാനാവാതെ അരുൺ ചക്ക അടർത്തിയെടുത്ത്, കല്ലുകൊണ്ടോ മറ്റൊ ഇടിച്ച് വെട്ടിപൊളിച്ച് ഭക്ഷിച്ചിരിക്കാമെന്നുമാണ് പൊലീസും നാട്ടുകാരും കരുതുന്നത്. മൃതദേഹം കണ്ടെത്തിയ പ്രദേശം സ്വകാര്യഭൂമിയാണെങ്കിലും വനം പോലെയാണ് കാണപ്പെടുന്നത്.