ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഹോട്ടലുകൾ തുറന്നെങ്കിലും ആളുകൾ എത്താത്ത അവസ്ഥ വന്നതോടെ തുറന്ന ഹോട്ടലുകൾ പലതും വീണ്ടും അടച്ചു. ചെറുകിട ഹോട്ടലുകളെയാണ് പ്രശ്‌നം കൂടുതൽ ബാധിച്ചത്. 40 ശതമാനത്തോളം ഹോട്ടലുകൾ പൂട്ടിയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

ഓൺലൈൻ വിൽപ്പനയിലേക്കും ഡിജിറ്റൽ ഇടപാടുകളിലേക്കും കളംമാറ്റിയ ഹോട്ടലുകളാണ് പിടിച്ചുനിൽക്കുന്നത്. സാധാരണ ഓണനാളുകൾ സദ്യകൾക്കായി ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും വലിയ ഓർഡറുകൾ ലഭിക്കുന്നതാണ്. ഇത്തവണ ഒന്നുമില്ല. ഇരുന്നുകഴിക്കാൻ അനുമതിയുണ്ടെങ്കിലും അതിനുതയ്യാറാകുന്നവർ നന്നേകുറവാണ്. പാഴ്‌സൽ വാങ്ങിച്ചുപോകുന്നവരാണ് കൂടുതൽ. ഇതിനാൽ തൊഴിലാളികളുടെ എണ്ണവും കുറച്ചു. തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ വേതനംകുറച്ചു ജോലിചെയ്യാനും തൊഴിലാളികൾ തയ്യാറാകുന്നുണ്ടെന്ന് ഹോട്ടുലുടമകൾ പറഞ്ഞു. ഇതാണ് കുറെയെങ്കിലും ഹോട്ടലുകളെ പിടിച്ചുനിർത്തുന്നത്.

സ്ഥാപനങ്ങളെല്ലാം നഷ്ടംവരാതെ തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യമാണ് വേണ്ടത്. ഉടമസ്ഥരും തൊഴിലാളികളും ഇപ്പോൾ അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്താണ് പ്രവർത്തിക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.മൊയ്തീൻകുട്ടി ഹാജി പ്രതികരിച്ചു.