ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോലി പിന്മാറിയത് ഡ്രെസിങ് റൂമിൽ ഒരു ഫോൺ കോൾ എത്തിയതിന് ശേഷമെന്ന് റിപ്പോർട്ട്. പുറംവേദനമൂലമാണെന്ന് ടീം അധികൃതർ ഔദ്യോഗികവിശദീകരണം നൽകുമ്പോഴും രണ്ട് ദിവസം മുമ്പെ ഇന്ത്യൻ നായകനുമായി ബന്ധപ്പെട്ട് ഉടലെടുത്ത പുതിയ വിവാദമാണോ ഈ പിന്മാറ്റത്തിന് കാരണമെന്ന സംശയം സജീവമാണ്. ഗാംഗുലിയുടെ ഭാഗ്യ ഗ്രൗണ്ടാണ് വാണ്ടേഴ്സ്. നൂറാം ടെസ്റ്റും. എന്നാൽ കോലിയുടെ നൂറാം ടെസ്റ്റ് ഈ ഗ്രൗണ്ടിൽ വേണ്ടെന്ന നിർദ്ദേശം പുറത്തു നിന്ന് എത്തുകയായിരുന്നുവെന്നാണ് സൂചന.

നൂറാം ടെസ്റ്റ് ഇന്ത്യയിൽ കോലി കളിക്കാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ വന്നാൽ ഏകദിനത്തിലും കോലി കളിക്കില്ല. കെ എൽ രാഹുലിനെ നേരത്തെ ഏകദിന ക്യാപ്ടനായി പ്രഖ്യാപിച്ചിരുന്നു. തീരെ ജൂനിയറായ രാഹുലിന് കീഴിൽ കോലി എങ്ങനെ കളിക്കുമെന്ന സംശയം സജീവമായിരുന്നു. രോഹിത് ശർമ്മയുടെ പരിക്ക് കാരണമാണ് കെ എൽ രാഹുലിനെ ഏകദിനത്തിൽ ക്യാപ്ടനാക്കിയത്. ഇതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് കോലിയുടെ പിന്മാറ്റത്തിലേക്ക് വഴിവച്ചത്.

മത്സരത്തലേന്നായ ഞായറാഴ്ച വൈകിട്ട് പോലും സജീവമായി നെറ്റ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന കൊഹ്ലി തന്റെ ചില പരിശീലന വീഡിയോകൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.ടോസിനിടെ കെ എൽ രാഹുൽ പറയുമ്പോഴാണ് കോലിക്ക് പരിക്കാണെന്നുള്ള വാർത്ത പുറംലോകമറിയുന്നത്. എന്നാൽ അതിനും ഏകദേശം ഒരുമണിക്കൂർ മുമ്പായി തന്നെ കോലിയുടെ ഐ പി എൽ ടീമായ ആർ സി ബി കെ എൽ രാഹുലിന്റെ പടം വച്ച ആശംസാകാർഡ് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്.

കെ എൽ രാഹുൽ ക്യാപ്ടൻ ആണെന്നുള്ള സൂചനകളൊന്നും തന്നെ ആശംംസാകാർഡിൽ ഇല്ലായിരുന്നെങ്കിലും തങ്ങളുടെ ടീം അംഗം പോലുമല്ലാതെ ഒരു താരത്തിന്റെ പടം വച്ച ആശംസാകാർഡ് ആർ സി ബി എന്തിന് പങ്കുവച്ചുവെന്ന ചോദ്യം ബാക്കിയാണ്. അതായത് കോലി കളിക്കില്ലെന്നും രാഹുൽ ക്യാപ്ടനാകുമെന്നും റോയൽസ് നേരത്തെ അറിഞ്ഞിരുന്നു. കോലിക്ക് പുറംവേദന ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. 2018ൽ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കുന്ന സമയത്ത് ഉടലെടുത്ത വേദന ഇടയ്ക്കിടെ താരത്തെ അലട്ടാറുമുണ്ട്. ഇത് തന്നെയാണ് ഇപ്പോഴും പ്രശ്നം.

എന്നാൽ കോലി - ഗാംഗുലി വിവാദത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെലക്ടർ ചേതൻ ശർമ്മ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് കോലി രണ്ടാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നതും ശ്രദ്ധേയമാണ്. ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന തീരുമാനം എടുത്തതിന് പിന്നാലെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ വിളിച്ചിരുന്നില്ലെന്ന് കോലി പറഞ്ഞിരുന്നു. എന്നാൽ ബി സി സി ഐ അദ്ധ്യക്ഷനായ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഉൾപ്പെടെ ബി സി സി ഐയിലെ എല്ലാവരും കോലിയോട് ക്യാപ്ടൻസി സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് ചേതൻ ശർമ്മ മാധ്യമപ്രവർത്തകരോട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

എല്ലാവരും മറന്നുതുടങ്ങിയ വിവാദം വീണ്ടും കുത്തിപ്പൊക്കിയതിൽ കോലിക്കുള്ള അമർഷമാണോ രണ്ടാം ടെസ്റ്റിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന സംശയങ്ങളും ഉയരുന്നുണ്ട്. കോലിയുടെ സ്വന്തം തീരുമാനമാണ് വിട്ടുനിൽക്കലെന്നാണ് സൂചന. ഇതിൽ ബിസിസിഐയും അമർഷത്തിലാണ്. അതുകൊണ്ട് തന്നെ മൂന്നാം ടെസ്റ്റിൽ കോലി കളിക്കുമോ എന്നതാണ് നിർണ്ണായകം. നേരത്തെ ഏകദിനത്തിൽ കളിക്കുന്നതിലും കോലി താൽപ്പര്യക്കുറവ് അറിയിച്ചിരുന്നു. പിന്നീട് അത് മാറ്റി. പുറം വേദന പറഞ്ഞ് ഏകദിനവും കോലി ഒഴിവാക്കുമോ എന്ന സംശയം ബിസിസിഐയ്ക്കുണ്ട്.

ഈ വിവാദവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകളിൽ താരങ്ങളും ടീം മാനേജ്മെന്റും പങ്കാളിയാകില്ല. ഒരു വിവരവും പുറത്തു പോകരുതെന്ന അന്ത്യശാസനം ബിസിസിഐ ടീം മാനേജ്മെന്റിന് നൽകിയിട്ടുണ്ട്.