മൂന്നാർ: നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തൈറി. അടുക്കിയിലെ മറയൂർ ഏരിയാ കമ്മിറ്റിയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ ഭൂമി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ കമ്മിറ്റി അംഗം സ്ഥാനം രാജിവെച്ചു. ഇദ്ദേഹത്തോടൊപ്പം കൂടുതൽ പേർ പാർട്ടിയിൽ നിന്നും രാജിവെക്കാൻ ഒരുങ്ങുകയാണ്. 150തോളം പേർ രാജിവെച്ചേക്കുമെന്നാണ് സൂചന. ഇവർ സിപിഐയിൽ ചേക്കേറി പ്രവർത്തിക്കാനാണ് ഒരുങ്ങുന്നത്.

വട്ടവട പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.രാമരാജാണ് ഏരിയ കമ്മിറ്റി, ലോക്കൽ കമ്മിറ്റി സ്ഥാനങ്ങൾ കഴിഞ്ഞദിവസം രാജിവെച്ചത്. 10 വർഷം വട്ടവട പഞ്ചായത്ത് പ്രസിഡന്റ്, ലോക്കൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ടാം പിണറായിസർക്കാർ അധികാരമേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാമരാജ് സ്ഥാനങ്ങൾ രാജിവെച്ചത്. അതേസമയം പ്രദേശത്തെ ആഭ്യന്തര തർക്കങ്ങളും രാജിയിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിനായി കണ്ടെത്തിയ ബ്ലോക്ക് നമ്പർ 58, 62 എന്നിവിടങ്ങളിലെയും കടവരി വാർഡിലെയും അതിർത്തി സംബന്ധിച്ച് വനംവകുപ്പുമായുള്ള തർക്കം പരിഹരിച്ച് ജനങ്ങളുടെ ഭൂമി ഉപയോഗിക്കാൻ അനുമതി നൽകാത്തതിനെതിരേ നാട്ടുകാർ സമരം നടത്തിയിരുന്നു. മന്ത്രിമാരടക്കമുള്ളവർ വട്ടവടയിലെത്തി പരിശോധനയും നടത്തി. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

കഴിഞ്ഞദിവസം വട്ടവടയിൽ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ നേതൃത്വത്തിൽ നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം പാർട്ടിപ്രവർത്തകർ ഉന്നയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് തങ്ങൾക്കനുകൂലമായ നടപടികളുണ്ടായില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. എന്നാൽ, മറുപടി നൽകിയ സെക്രട്ടേറിയറ്റംഗം, വട്ടവടയിൽ തർക്കമുന്നയിക്കുന്ന സ്ഥലങ്ങൾ കൈയേറ്റമാണെന്നും ഇക്കാര്യത്തിൽ സർക്കാരിന് അനുകൂലതീരുമാനമെടുക്കാനാകില്ലെന്നും അറിയിച്ചത് പ്രവർത്തകരെ ചൊടിപ്പിച്ചു. തമിഴ്‌നാട്ടിൽനിന്നെത്തി വർഷങ്ങളായി വട്ടവടയിൽ താമസമാക്കിയ തങ്ങളെ കൈയേറ്റക്കാരെന്ന് ആക്ഷേപിച്ചെന്ന് പാർട്ടിപ്രവർത്തകർ പറഞ്ഞു.

തുടർന്നാണ്, യോഗത്തിലുണ്ടായിരുന്ന രാമരാജ് സ്ഥാനങ്ങൾ രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്നാറിലെ സിപിഐ.നേതാക്കളുമായി രണ്ടുവട്ടം ചർച്ചയും നടത്തി. റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ., വട്ടവടയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായും വട്ടവട പഞ്ചായത്തിലെ കൂടുതൽ സിപിഎം. പ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും വരുംദിവസങ്ങളിൽ സിപിഐ.യിൽ ചേരുമെന്നും വട്ടവടയിലെ മുതിർന്ന പാർട്ടിയംഗം പറഞ്ഞു.

അതേസമയം ഭൂമിപ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഏരിയാ കമ്മിറ്റിയംഗത്വമടക്കമുള്ള സ്ഥാനങ്ങൾ രാജിവെച്ചതെന്നാണ് പി രാമരാജ് പറയുന്നത്. എന്നാൽ, സിപിഐ.യിൽ ചേരുന്നത് തീരുമാനിച്ചിട്ടില്ല. തന്റെ വിശദീകരണം കേൾക്കുകപോലും ചെയ്യാതെ, പാർട്ടി രാജി സ്വീകരിച്ച് കീഴ്ഘടകങ്ങളിൽ റിപ്പോർട്ടുചെയ്തത് ഖേദകരമാണ്. വട്ടവടയിൽ പാർട്ടി വളർത്താൻ മൂന്ന് പതിറ്റാണ്ട് ദുരിതങ്ങൾ സഹിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.