മൽമോ: ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ഒന്നായിരുന്ന സ്വീഡനിൽ ഇപ്പോൾ അശാന്തിയുടെ കാർമേഘങ്ങൾ നിറയുന്നു. മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുകയാണ് ഇവിടെ ജനങ്ങൾ ഇപ്പോൾ. സ്വീഡനിലെ മാൽമോയിൽ ഇസ്‌ലാം വിരുദ്ധ പ്രവർത്തകർ ഒരു ഖുറാൻ കത്തിക്കുന്നത് ചിത്രീകരിച്ചതിനെത്തുടർന്ന് അരാജകത്വം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം ഉടനെ കലാപത്തിലേക്ക് വഴിമാറുകയായിരുന്നു. അക്രമാസക്തരായ പ്രകടനക്കാർ തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

തീവ്ര വലതുപക്ഷ ഡാനിഷ് പാർട്ടിയായ ഹാർഡ് ലൈൻ നേതാവ് റാസ്മസ് പാലുദാന് രണ്ടുവർഷത്തേക്ക് സ്വീഡനിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാസ്മസിനെ സ്വീഡന്റെ അതിർത്തിയിൽ മാൽമോയ്ക്ക് സമീപം പൊലീസ് അറസ്റ്റുചെയ്തത്. മൽമോയിൽ വെള്ളിയാഴ്ച ദിവസം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ റാസ്മസിന് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഇസ്‌ലാം വിരുദ്ധ പ്രകടനങ്ങളുമായി വലതുപക്ഷ വാദികൾ തെരുവിലിറങ്ങിയത്. കുടിയേറ്റ വിരുദ്ധ കക്ഷിയായ ഹാർഡ് ലൈൻ നേതാവാണ് റാസ്മസ് പല്വേദൻ.

പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7: 30 ഓടെ മാൽമോയിലെ ഒരു പ്രധാന പാതയിലൂടെ മുന്നൂറോളം പേർ തടിച്ചുകൂടി. തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ നേരത്തെ ഒരു ഖുറാൻ കത്തിച്ചതിനെ തുടർന്ന് പ്രതിഷേധിക്കാനായിരുന്നു ഇത്. ആൾക്കൂട്ടം വർദ്ധിച്ചതോടെ തെരുവിൽ തീ പടരുകയും നിരവധി കാറുകൾ കത്തിക്കുകയും ചെയ്തു. കനത്ത പൊലീസ് പ്രതികരണത്തെത്തുടർന്ന് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പാടുപെട്ടു. "ഞങ്ങൾക്ക് ഇപ്പോൾ നിയന്ത്രിക്കാനാകാത്ത വിധം നിരന്തരം കലാപങ്ങൾ നടക്കുന്നു," പൊലീസ് വക്താവ് റിക്കാർഡ് ലണ്ട്ക്വിസ്റ്റ് ഒരു പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു.

ഒരു തീവ്രവലതുപക്ഷ നേതാവിന്റെ റാലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം അരങ്ങേറിയത്. നേരത്തെ വെള്ളിയാഴ്ച ഡനീഷ് വലതുപക്ഷ നേതാവ് റാസ്മസ് പല്വേദൻ പങ്കെടുക്കുന്ന റാലി മൽമോയിൽ നടക്കേണ്ടിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും എന്നതിനാൽ ഈ റാലിക്ക് അധികൃതർ അനുമതി നിഷേധിച്ചു. വലതുപക്ഷ നേതാവ് റാസ്മസ് പല്വേദനെ മൽമോയ്ക്ക് അടുത്തുവച്ച് കസ്റ്റഡിയിലും എടുത്തു. എന്നാൽ ഇതിൽ പ്രതിഷേധിച്ച ചില തീവ്രവലതുപക്ഷക്കാർ നഗരത്തിൽ ഇസ്ലാം വിശുദ്ധ ഗ്രന്ഥം ഖുറാൻ അഗ്നിക്കിരയാക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് സ്വീഡിഷ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

മാൽമോയിൽ വെള്ളിയാഴ്ച നിരവധി മുസ്ലിം വിരുദ്ധ പ്രകടനങ്ങൾ നടന്നെന്നാണ് ആഫ്ടോൺബ്ലാഡേ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ തുടർന്നാണ് ചിലർ മതഗ്രന്ഥം കത്തിച്ചത്. ഒരു പബ്ലിക് സ്ക്വയറിൽ വെച്ച് മൂന്നുപേർ ചേർന്ന് മതഗ്രന്ഥത്തിന്റെ ഒരു കോപ്പിയിൽ തൊഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഇതോടെയാണ് വൈകുന്നേരത്തോടെ വൻ തെരുവ് യുദ്ധമായി പരിണമിച്ചത്. റാലി നടത്തിയതിനും. തെരുവിൽ ആക്രമണം നടത്തിയതിനും നിരവധിപ്പേർ പിടിയിലായി എന്നാണ് റിപ്പോർട്ട്. ഖുറാൻ കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നതെന്നും പൊലീസ് വക്താവ് സ്ഥിരീകരിച്ചു. കുടിയേറ്റക്കാർ പ്രദേശങ്ങളിലാണ് കലാപം അരങ്ങേറിയതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇത് സംബന്ധിച്ച നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയ വാളുകളിൽ പ്രചരിക്കുന്നത്. അതേ സമയം ജനങ്ങൾ സമാധാനം പാലിക്കണമെന്ന് സ്വിഡീഷ് അധികൃതർ അറിയിച്ചു.