തിരുവല്ല: മലയാളം സിനിമകളോട് വലിയ ഇഷ്ടമായിരുന്നു നൗഷാദിന്. അതുകൊണ്ടു കൂടിയാണ് പാചക കലയിൽ നിന്നും സിനിമാ നിർമ്മാതാവിന്റെ വേഷവും കെട്ടിയത്. തിരുവല്ലയിലെ അറിയപ്പെടുന്ന കാറ്ററിങ് ഉടമയായ നൗഷാദിന് അവസാന കാലത്ത് പറയാൻ കഷ്ടതകളുടെ കഥകളായിരുന്നു ഉണ്ടായിരുന്നത്. ദ്വീർഘകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. അന്നൊക്കെ താങ്ങായി കൂടെ നിന്നത് ഭാര്യ ഷീബ ആയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഷീബയുടെ വിയോഗം താങ്ങാൻ നൗഷാദിന് സാധിച്ചില്ല. ആ ആഘാതവും കൂടിയായപ്പോൾ നൗഷാദ് ജീവിതത്തിൽ നിന്നും വിടവാങ്ങുകയായിരുന്നു.

സൗമ്യമായ പുഞ്ചിരിയും ലാളിത്യമാർന്ന അവതരണ ശൈലിയുമാണ് നൗഷാദിനെ വ്യത്യസ്തനാക്കിയിരുന്നത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മരണം വല്ലാതെ തളർത്തി. രണ്ടാഴ്ചകൾക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി. മകളെ കുറിച്ച് ആധിയായിരുന്നു അദ്ദഹത്തിന്. പതിമൂന്ന് വയസ്സുകാരിയായ നഷ്വയാണ് ഇവരുടെ ഏക മകൾ. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിലായിരുന്നു നഷ്വ. അതൊടൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലും. എന്നാൽ നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.

നൗഷാദിന്റെ മരണവാർത്ത അറിഞ്ഞ് മലയാളം സിനിമാ ലോകവും അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നുണ്ട്. നൗഷാദിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, ആന്റോ ജോസഫ്, വിനയ് ഫോർട്ട്, ദിലീപ് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ അനുസ്മരിച്ചു. 'അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്‌നേഹിതാ... പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും.'ആന്റോ ജോസഫ് കുറിച്ചു.

തിരുവല്ലയിൽ കേറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചകത്തോടുള്ള താൽപര്യം പകർന്നു കിട്ടിയത്. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ 'നൗഷാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയായിരുന്നു നൗഷാദ്. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.

തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.