കോഴിക്കോട്: പഠനത്തിലും കരിയറിലും അസാമാന്യ മികവു പുലർത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം രക്താർബുദത്തെ തുടർന്ന് അന്തരിച്ച ഡോ. അനൂപ്. പഠനത്തിൽ അസാമാന്യ മികവു പുലർത്തിയ അദ്ദേഹം ജീവിതത്തിൽ ആകെ തോറ്റുപോയത് തന്നെ പിടികൂടിയ രക്താർബ്ബുദത്തോടാണ്. ശാസ്ത്രീയ സമീപനത്തോടെ എല്ലാത്തിനെയും നോക്കിക്കണ്ട അദ്ദേഹത്തിന്റെ വിയോഗം സുഹൃത്തുക്കളെയും ബന്ധുക്കളെയും കടുത്ത ദുഃഖത്തിലാക്കി.

കുട്ടിക്കാലംമുതൽ പഠനത്തിൽ അസാമാന്യ മികവ് കാണിച്ച അനൂപ് എന്നും അദ്ധ്യാപകർക്കും നാടിനും പ്രിയംകരനായിരുന്നു. 2002-ൽ നടന്ന സി.ബി.എസ്.ഇ. പത്താംതരം പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക്. 2004-ൽ നടന്ന 12-ാം തരം പരീക്ഷയിൽ നാലാം റാങ്ക്. മെഡിക്കൽ പ്രവേശനപരീക്ഷയിൽ 48-ാം റാങ്ക്. കുട്ടിക്കാലംമുതൽ റാങ്കുകളുടെ പടിചവിട്ടിക്കയറിയാണ് കഴിഞ്ഞ ദിവസം അർബുദത്തിന് കീഴടങ്ങിയ ഡോ. എം.കെ. അനൂപ് ജീവിതത്തിൽ മുന്നേറിയത്.

വിദ്യാനഗർ കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നാണ് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയത്. സ്വർണമെഡലോടെ ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽനിന്ന് റേഡിയോ ഡയഗ്‌നോസിസിൽ മാസ്റ്റർ ബിരുദം നേടി. 2016-17 വർഷത്തെ എയിംസിലെ മികച്ച വിദ്യാർത്ഥിക്കുള്ള ഡോ. ശ്യാം ശർമ പുരസ്‌കാരം അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയിൽനിന്നാണ് അനൂപ് ഏറ്റുവാങ്ങിയത്.

ഡൽഹി എയിംസിൽ മൂന്നുവർഷത്തോളം ജോലി ചെയ്തിരുന്നു. ആതുരശുശ്രൂക്ഷാരംഗത്തെ ഗവേഷണ മണ്ഡലത്തിലും ഡോ. അനൂപ് ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്തിരുന്നു. ആധുനിക ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവരുമായി നല്ല ബന്ധമായിരുന്നു ഡോ. അനൂപിന്. വിദ്യാർത്ഥികൾക്ക് എന്നും മാതൃകയായിരുന്നെന്ന് കേന്ദ്രീവിദ്യാലയത്തിൽ 12-ാം തരത്തിൽ അനൂപിന്റെ ജീവശാസ്ത്രം അദ്ധ്യാപകനും ഇപ്പോഴത്തെ പ്രസിൻസിപ്പലുമായ കെ.പി. തങ്കപ്പൻ പറഞ്ഞു.

കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് രക്താർബുദം പിടിമുറുക്കിയത്. കഴിഞ്ഞ ഒരുവർഷത്തിലധികമായി മുംബൈ ടാറ്റാ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു. അനുയോജ്യമായ മജ്ജ കണ്ടെത്തുന്നതിന് കേരളത്തിലെയും മറുനാട്ടിലെയും വിവിധ ഭാഗങ്ങളിൽ ക്യാമ്പ് നടത്തിയിരുന്നു. മജ്ജ മാറ്റിവെച്ച് രോഗം ഭേദമാവുന്നതിനിടെ രക്തത്തിലുണ്ടായ അണുബാധയാണ് മരണത്തിനിടയാക്കിയത്. അനൂപിന്റെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് പ്രഗല്ഭനായ ഡോക്ടറെയാണെന്ന് ഐ.എം.എ. ജില്ലാ ചെയർമാൻ ഡോ. പി.എം. സുരേഷ് ബാബു പറഞ്ഞു.