കൊച്ചി: പ്രശസ്ത മലയാള നടൻ റിസബാവ (55) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ആരോഗ്യ നില മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായിയിരുന്നു റിസബാവ. നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1966 സെപ്റ്റംബർ 24 ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.

പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു. എന്നാൽ, നായക രംഗത്ത് ശോഭിക്കാതെ വന്നതോടെ വില്ലൻ വേഷത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു.

ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി c/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരിഗുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗർഭിണികൾ, കോഹിന്നൂർ, ശുഭരാത്രി തുടങ്ങിയ റിസബാവയുടെ ശ്രദ്ധയ ചിത്രങ്ങളാണ്.

സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.