ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യഘടകമായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത് വളർന്നുവരികയാണ്.ഓസ്‌ട്രേലിയൻ പര്യടനത്തിലേതുൾപ്പടെ മികച്ച പ്രകടനങ്ങൾ ടീമിലേക്കുള്ള പന്തിന്റെ സ്ഥാനം ഉറപ്പാക്കുന്നതായിരുന്നു.യുവതാരം മികവിന്റെ പടികൾ കയറുമ്പോൾ പന്തിനെക്കുറിച്ചുള്ള ഒരു ബാല്യകാല ഓർമ്മ പങ്കുവെക്കുകയാണ് പന്തിന്റെ ആദ്യകാല പരിശീലകന് കൂടിയായ തരക് സിൻഹ. പുലർച്ചെ 3.30ന് മാപ്പു ചോദിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് വീട്ടിലെത്തിയ സംഭവമാണ് ഇദ്ദേഹം ഓർത്തെടുക്കുന്നത്.

പരിശീലനത്തിനിടെ വഴക്കുകേട്ട പന്ത് സിൻഹയെ വിഷമിപ്പിച്ചതിൽ ക്ഷമചോദിക്കാനാണ് പുലർച്ചെ ഒരു മണിക്കൂറോളം യാത്ര ചെയ്ത് പരിശീലകന്റെ വീട്ടിലെത്തിയത്.താരത്തിന്റെ ബാല്യകാല പരിശീലകൻ സിൻഹയ്ക്ക് ദക്ഷിണ ഡൽഹിയിൽ സോണറ്റ് ക്ലബ്ബിലെ നെറ്റ് സെഷനിടെയാണ് പന്തിനെ ശകാരിക്കേണ്ടിവന്നത്. 'പിറ്റേന്ന് പുലർച്ചെ ഏതാണ്ട് മൂന്നര മണിക്ക് വീടിന്റെ വാതിലിൽ മുട്ടുകേട്ട് ഇറങ്ങിച്ചെല്ലുമ്പോൾ പുറത്ത് ഋഷഭ് പന്ത്. എന്നെ വിഷമിപ്പിച്ചതുകൊണ്ട് രാത്രി ഉറങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിക്കാനെത്തിയതാണ്.

ആ സമയം എന്റെ അവസ്ഥ പറഞ്ഞറിയിക്കാനാകില്ല. അർധരാത്രി കഴിഞ്ഞ് ഒരു മണിക്കൂർ യാത്ര ചെയ്ത് ക്ഷമ ചോദിക്കാനായി പന്ത് എത്തിയ സംഭവം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു', സിൻഹ പറഞ്ഞു. ചെയ്യുന്ന പ്രവൃത്തിയോട് അത്രയേറെ ആത്മാർത്ഥത പുലർത്തുന്ന ആളാണ് പന്ത് എ്ന്നും പരിശീലകൻ പറഞ്ഞു.അതേസമയം പന്തിനെ ഭാവി ഇന്ത്യൻ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതിനോട് സിൻഹ സംശയം പങ്കുവച്ചു. ടീമിൽ സ്ഥിരാംഗമാകാൻ കളിക്കാരനെന്ന നിലയിൽ തന്നെ പന്ത് സ്വയം തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

യുവതാരമെന്ന നിലയിൽ കുറച്ചുകൂടി പക്വതയാർജിച്ച ശേഷമേ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്നൊക്കെ പറയാനാകൂ. എങ്കിലും ക്യാപ്റ്റന്റെ ചുമതല ലഭിക്കുമ്പോൾ വിറയ്ക്കുന്ന ആളൊന്നുമല്ല പന്ത്. ഡൽഹി ക്യാപിറ്റൽസിനായി അദ്ദേഹം ഇത്തവണ നല്ല രീതിയിലാണ് ക്യാപ്റ്റന്റെ ചുമതല നിർവഹിച്ചത്. മുൻപ് രഞ്ജി ട്രോഫിയിലും ടീമിനെ ഫൈനലിലെത്തിച്ചതും സിൻഹ ചൂണ്ടിക്കാട്ടി.