ലണ്ടൻ: ബോറിസ് ജോൺസന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള ആദ്യ ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജനായ മുൻ ചാൻസലർ അതിശക്തമായി മുന്നിൽ എത്തി. 358 എം പിമാരിൽ 88 പേരുടെ വോട്ട് നേടി ഋഷി ഒന്നാം ഘട്ടത്തിൽ വിജയമുറപ്പിക്കുമ്പോൾ അത് കാലം കരുതി വെച്ച ഒരു പ്രതികാരമായി ചിലരെങ്കിലും കാണുന്നു. നൂറ്റാണ്ടുകൾ ഇന്ത്യയെ അടക്കിഭരിച്ച സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഒരു ഇന്ത്യാക്കാരൻ എത്തുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ജൂനിയർ മന്ത്രിയായ പെന്നി മോർഡൗന്റ് 67 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ, ഋഷിക്ക് ഭീഷണിയാകും എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിന് 50 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തുവാനെ കഴിഞ്ഞുള്ളു.

ഇന്നലെ നടന്ന ആദ്യ റൗണ്ടിൽ ജെറെമി ഹണ്ടും നദീം സഹാവിയും പുറത്തായി. ജെറെമി ഹണ്ട് പരസ്യമായി ഋഷിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇതോടെ എം പിമാർക്കിടയിൽ ഋഷിയുടെ സ്വാധീനം കൂടുതൽ വർദ്ധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക കാര്യങ്ങളിലുള്ള ഋഷിയുടെ വൈദഗ്ദ്ധ്യവും പിന്നെ അദ്ദേഹത്തിന്റെ ഒളിവില്ലാത്ത നേരേവാ നേരേ പോ എന്ന രീതിയുമാണ് ഋഷിയെ പിന്തുണയ്ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജെറമി ഹണ്ട് പറഞ്ഞു.

2019- ൽ ഇതുപോലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ നടത്തിയ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ബോറിസ് ജോൺസൺ നേടിയത് 114 വോട്ടുകളായിരുന്നു. അതിന്റെ അടുത്തൊന്നും എത്താൻ ഋഷിക്കായില്ലെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായ ഹണ്ടിന്റെയും സഹാവിയുടെയും പിന്തുണ ലഭിച്ചതോടെ ഋഷിക്ക് കൂടുതൽ കരുത്ത് ലഭിച്ചിരിക്കുകയാണ്. അവസാന രണ്ടു പേരെ കണ്ടെത്താനായി ഇനി പരമാവധി മൂന്ന് റൗണ്ടുകൾ കൂടി ഉണ്ടാകും. ഈ റൗണ്ടുകളിൽ ഋഷിക്ക് വിജയം ഏതാണ്ട് ഉറപ്പായ മട്ടാണ് ഇപ്പോൾ.

അതേസമയം, രണ്ടാം സ്ഥാനത്ത് അപ്രതീക്ഷിതമായി എത്തിയ മോർഡൗന്റ് ഋഷിയുടെ സാദ്ധ്യതക്ക് മേൽ സംശയ ചിഹ്നം ഉയർത്തിയിരിക്കുകയാണ്, കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ യൂ ഗവ് നടത്തിയ അഭിപ്രായ സർവ്വേയിൽ പാർട്ടി അംഗങ്ങളും പ്രവർത്തകരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നേതാവായത് മോർഡൗന്റ് ആയിരുന്നു. അവർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കാണാൻ 27 ശതമാനം പേരായിരുന്നു ആഗ്രഹിച്ചത്. ഈ അഭിപ്രായ വോട്ടെടുപ്പിൽ പക്ഷെ ഋഷിക്ക് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്.

എന്നാൽ, അധികം അറിയപ്പെടാത്ത വ്യക്തിയാണ് എന്നൊരു പോരായ്മ മോർഡൗന്റിനുണ്ട്. സവന്ത കോംറെസ് നടത്തിയ ഒരു സർവ്വേയിൽ ഇവരുടെ ചിത്രം കാണിച്ചപ്പോൾ 11 ശതമാനം പേർക്ക് മാത്രമായിരുന്നു ഇവരെ തിരിച്ചറിയാൻ കഴിഞ്ഞത്. മന്ത്രി സഭയിലും അത്ര പ്രധാന റോളൊന്നും അവർക്ക് ഉണ്ടായിരുന്നില്ല. ഒരു ജൂനിയർ മന്ത്രി മാത്രമായിരുന്ന അവർ പൊടുന്നനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാൻ തുനിഞ്ഞത്. ഏറെ ശക്തയായ ലിസ് ട്രസ്സിനെ ഒന്നാം റൗണ്ടി അവർ പിന്തള്ളിയത് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകർ അദ്ഭുതത്തോടെയാണ് കാണുന്നത്.

എം പി മാരുടെ റൗണ്ടുകൾ കഴിഞ്ഞ് പാർട്ടി അംഗങ്ങളുടെ വോട്ടിങ് റൗണ്ടിൽ എത്തുമ്പോഴാണ് അടുത്ത പ്രധാനമന്ത്രി ആരെന്ന് തീരുമാനിക്കപ്പെടുക. പാർട്ടി അംഗങ്ങൾക്ക് വോട്ടു ചെയ്യാൻ രണ്ട് സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നതാണ് എം പി മാരുടെ ദൗത്യം. അത്തരമൊരു റൗണ്ടിൽ എത്തുമ്പോൾ ഋഷിക്ക് വിനയാവുക ഇന്ത്യൻ വംശജൻ എന്ന വിശേഷണമായിരിക്കും എന്ന് നിരീക്ഷകർ കരുതുന്നു. അതുകൊണ്ടു തന്നെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം ഋഷിക്ക് കൈയെത്താത്ത ദൂരത്ത് തന്നെ തുടരുമെന്നും അവർ പറയുന്നു.