മുംബൈ: സുശാന്ത് സിംഗിന്റെ മരണത്തിലെ അന്വേഷണം ബോളിവുഡിനെ വൻ പ്രതിസന്ധിയിലാക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിലേക്ക് അന്വേഷണം എത്തിയതാണ് ഇതിന് കാരണം. ബോളിവുഡിലെ യുവനടിമാരായ സാറ അലി ഖാൻ (25), രാകുൽ പ്രീത് സിങ് (29) തുടങ്ങിയവർ ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് വെളിപ്പെടുത്തൽ. അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ മൊഴിയിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അന്വേഷണം തുങ്ങിയിട്ടുണ്ട്. ഭൂരിഭാഗം താരങ്ങളും ലഹരി ഉപയോഗിക്കുന്നവരാണെന്ന റിയയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇരുപത്തഞ്ചോളം പേരെ എൻസിബി നിരീക്ഷിക്കുന്നുണ്ട്. ഇവരിൽ പലരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നും സൂചന.

വനിതാ ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ട, സംവിധായകൻ മുകേഷ് ഛാംബ്ര, അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ മുൻ മാനേജർ രോഹിണി അയ്യർ എന്നിവരും സംശയ നിഴലിലാണ്. ചോദ്യം ചെയ്യലിൽ റിയ പരാമർശിച്ച മറ്റുള്ളവർക്കും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സമൻസ് അയച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലും ഗോവയിലും ഏഴിടങ്ങളിൽ ഇന്നലെ എൻസിബി റെയ്ഡ് നടത്തി. മുംബൈ ബാന്ദ്രയിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇതോടെ റിയ ഉൾപ്പെടെ ലഹരിക്കേസിൽ അറസ്റ്റിലായവർ 11 ആയി.

ഫാനോ കിടക്കയോ ഇല്ലാത്ത സെല്ലിലാണ് ബൈക്കുള ജയിലിൽ റിയയെ പാർപ്പിച്ചിരിക്കുന്നത്. ഉറങ്ങാൻ പായ് നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തടവുകാർക്കു നൽകുന്ന മഞ്ഞൾ ചേർത്ത പാൽ നടിക്കും നൽകുന്നു. ജയിലിലെ സുശാന്തിന്റെ ആരാധകർ അക്രമാസക്തരായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് റിയയെ തനിച്ചു പാർപ്പിച്ചിരിക്കുന്നത്. റിയയ്ക്ക് നേരെ അക്രമം ഉണ്ടായാൽ തടയാനുള്ള എല്ലാ മുൻകുരതലും ജയിലിനുള്ളിൽ എടുത്തിട്ടുണ്ട്.

നടൻ സെയ്ഫ് അലി ഖാന്റെയും ആദ്യ ഭാര്യ അമൃത സിങ്ങിന്റെയും മകളാണ് സാറ അലി ഖാൻ. 'കേദാർനാഥ്' എന്ന സിനിമയിൽ സുശാന്ത് സിങ്ങിന്റെ നായികയായാണ് അരങ്ങേറ്റം. സുശാന്തിന്റെ തായ്ലാൻഡ് യാത്രയിൽ സാറയും ഒപ്പമുണ്ടായിരുന്നു എന്നാണ് റിയയുടെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിൽ പ്രണയമായിരുന്നു എന്ന ഗോസിപ്പും സജീവമാണ്. രാകുൽ പ്രീത് സിങ് 2009ൽ കന്നഡയിലൂടെ സിനിമാ പ്രവേശം നടത്തി.. പിന്നീട് തെലുങ്ക്, തമിഴ്, ബോളിവുഡ് സിനിമകളിൽ വേഷമിട്ടു. റിലീസിനൊരുങ്ങുന്ന കമൽഹാസൻ ചിത്രം ഇന്ത്യൻ-2 ലും രാകുൽ ഉണ്ട്. ജിമ്മിൽ വച്ചാണു റിയയുമായി സൗഹൃദത്തിലാകുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ഫാഷൻ ഡിസൈനറാണ് സിമോൻ ഖംബാട്ട. ജനിച്ചതുംവളർന്നതും ദുബായിലാണ്. പേരന്റിങ് ഉപദേശങ്ങൾ നൽകുന്ന യൂട്യൂബ് ചാനലുമുണ്ട്. നടൻ രൺവീർ സിങ്ങിന്റെ അടുത്ത സുഹൃത്താണ് ഇവർ. അതിനിടെ ലഹരി കേസിൽ കങ്കണ റനൗട്ടിനെതിരെ മുംബൈ പൊലീസും അന്വേഷിക്കുന്നുണ്ട്. മുംബൈ പൊലീസിന്റെ ആന്റി നാർകോട്ടിക്സ് സെൽ (എഎൻസി). കങ്കണയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് 2016ലെ അഭിമുഖത്തിൽ പരാമർശിച്ച മുൻ കാമുകൻ നടൻ അധ്യായൻ സുമന്റെ മൊഴിയുമെടുക്കും. ഈ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള കേസ്.

മുംബൈ പൊലീസിനെ അധിക്ഷേപിച്ചതോടെ മഹാരാഷ്ട്ര സർക്കാരുമായി കങ്കണ ഇടഞ്ഞതിനു പിന്നാലെയാണു ലഹരിക്കേസിൽ അന്വേഷണം . അതിനിടെ, മുംബൈയെ വിലകുറച്ചു കാണുന്നതു സ്വന്തം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണെന്ന് കങ്കണയെ ഉന്നംവച്ചുള്ള മുഖപ്രസംഗവുമായി ശിവസേനാ മുഖപത്രം സാമ്‌ന. മുംബൈയിൽ വന്നു താരങ്ങളായവരെല്ലാം നഗരത്തെ ആദരിക്കുകയും പുരോഗതിക്കുവേണ്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. അവരാരും ചില്ലുമേടകളിൽ ഇരുന്ന് കല്ലെറിഞ്ഞിട്ടില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.