തൃശൂർ: ചാവക്കാട്ട് അടച്ചിട്ട വീട്ടിലെ പൂട്ടുതകർത്ത് അകത്തുകയറി മോഷണം. 36 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പൊലീസ് പറയുന്നു. വിരലടയാള വിദഗ്ദ്ധർ എത്തി പരിശോധന നടത്തി.

പുതിയറ മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്. കഴിഞ്ഞ എട്ടുമാസമായി അഷ്റഫും കുടുംബവും ആലപ്പുഴയിലാണ് താമസം. മാസത്തിൽ ഒരു തവണ വീട്ടിൽ വന്നുപോകാറാണ് പതിവ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുമാസമായി വീട്ടിൽ വന്നിരുന്നില്ല.

ഇന്ന് രാവിലെ ജീവനക്കാരൻ വന്നു നോക്കുമ്പോഴാണ് വീട്ടിൽ മോഷണം നടന്ന കാര്യം അറിഞ്ഞത്. പിൻവശത്തെ വാതിലിന്റെ പൂട്ടുതകർത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്. 36 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായതായി വീട്ടുടമസ്ഥൻ പറഞ്ഞതായി പൊലീസ് പറയുന്നു. മറ്റെന്തെങ്കിലും നഷ്ടമായോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.