കൊല്ലം: അയൽവാസിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച പണത്തിന് മൊബൈൽ ഫോൺ വാങ്ങി മടങ്ങുന്നതിനിടെ 18 വയസ്സുകാരൻ പൊലീസിന്റെ പിടിയിൽ. കിടപ്രം വടക്ക് കാട്ടുവരമ്പേൽ വീട്ടിൽ അമ്പാടി ശേഖറിനെ(18)യാണ് കിഴക്കേ കല്ലട പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച പകൽ അയൽവീടിന്റെ വാതിൽതകർത്താണ് മോഷണം നടത്തിയത്. മൺറോത്തുരുത്തിൽ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയംതേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം.

അലമാരയിൽ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്. എസ്‌ഐ.മാരായ ബി.അനീഷ്, ശരത്ചന്ദ്രൻ, എഎസ്ഐ.മാരായ സുനിൽ, അജയൻ, സി.പി.ഒ.മാരായ മനു, വിവേക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.