തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ ഗതികേടിന് വന്നുകേറുന്ന രോഗികളെ കൊള്ളയടിക്കുന്നതിൽ കുപ്രസിദ്ധിയാർജ്ജിച്ച ആശുപത്രികൾ കേരളത്തിൽ ഏറെയാണ്. കഴിഞ്ഞദിവസം ഓക്സിജന് 45600 രൂപ ഈടാക്കിയ പാറശാല എസ്‌പി ആശുപത്രിയെ കുറിച്ച് മറുനാടൻ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറായില്ലെന്നതാണ് വസ്തുത.

ഇത്തരം ആശുപത്രികൾക്കെതിരെ നിരവധി പരാതികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് എന്നതാണ് വസ്തുത. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മറ്റ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെക്കാൾ പല ഇരട്ടി ചാർജാണ് ഇവിടെ ഈടാക്കുന്നതെന്നാണ് ആരോപണം. കേരളത്തിലെ ഒരു ആശുപത്രിയിലും ഓക്‌സിജന് ഇത്രയും വിലയില്ലെന്നതാണ് വസ്തുത. നെയ്യാറ്റിൻകര നഗരത്തിന് സമീപമുള്ള വളരെ പ്രശസ്തമായ സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ഓക്സിജന് ഒരു ദിവസം 3000 മുതൽ 3500 രൂപ വരെ ഈടാക്കുമ്പോഴാണ് എസ്‌പി ആശുപത്രിയിൽ 45600 രൂപ പിടിച്ചുവാങ്ങുന്നത്.

ഒരു ദിവസത്തേയ്ക്കാണ് ഈ ചാർജ്ജ് എന്നാണ് എസ് പി ആശുപത്രിയുടെ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് മൂന്ന് ദിവസത്തേയ്ക്കാണെന്നും ബില്ലിൽ അബദ്ധം പറ്റിയതാണെന്നും ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. എങ്കിൽ പോലും മറ്റ് ആശുപത്രികൾ മൂന്ന് ദിവസത്തേക്ക് 9000 മുതൽ 10500 രൂപ വരെ ഈടാക്കുന്ന സ്ഥാനത്താണ് എസ്‌പി ആശുപത്രി നാൽപ്പത്തിഅയ്യായിരത്തോളം രൂപ വാങ്ങുന്നത്. ഇത് തീർത്തും കൊള്ളയാണ്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ അടക്കം കോവിഡ് ചികിൽസ പ്രതിദനം 3000 രൂപയ്ക്ക് ലഭ്യമാണെന്നതാണ് വസ്തുത.

ഈ കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായിരിക്കുന്ന സമയത്താണ് എസ്‌പി ആശുപത്രിയുടെ ഈ ഓക്സിജൻ കൊള്ളയെന്നതും ശ്രദ്ധേയമാണ്. എന്നിട്ടും അതിനെതിരെ നടപടിയെടുക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സർക്കാർവൃത്തങ്ങൾ അതിന് നൽകുന്ന ന്യായീകരണം. ഇത്തരം ക്രൂരതകളിൽ സ്വയമേവെ സർക്കാരിന് നടപടി എടുക്കാം. പ്രത്യേകിച്ച് ആശുപത്രിയുടെ പേരു വച്ച് മറുനാടൻ വാർത്ത നൽകിയ സാഹചര്യത്തിൽ. എന്നിട്ടും പൊന്നയ്യന്റെ ആശുപത്രിയായ എസ് പി ആശുപത്രിക്കെതിരെ നടപടി എടുക്കുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിൽ അവശ്യവസ്തുവായ ഓക്സിജന്റെ പേരിൽ ഈ വലിയ കൊള്ള നടത്തിയ ബിൽ അടക്കം പുറത്തുവന്നപ്പോഴും പരാതിക്ക് വേണ്ടി കാത്തിരിക്കണമോ എന്നാണ് ഉയരുന്ന ചോദ്യം. ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രദേശത്തെ രാഷ്ട്രീയകക്ഷികളൊന്നും കാര്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. ആദ്യം പ്രതിഷേധവുമായി മുന്നോട്ട് വന്ന ബിജെപി പോലും പിന്നീട് സജീവ ഇടപെടൽ നടത്തുന്നില്ല.

അതിനിടെ ആശുപത്രിയിലെ ഉദ്യോഗസ്ഥനും രോഗിയുടെ ബന്ധുവും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതും ആശുപത്രി അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒത്തു തീർപ്പിന്റെ സൂചനകളാണ് ഈ സംഭാഷണത്തിലുള്ളത്. ഇവിടെ ചികിൽസിച്ച രോഗിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമാണ് ഈ വലിയ ബിൽ നൽകിയത്. ഈ രോഗി പിന്നീട് മരിച്ചുവെന്നതാണ് വസ്തുത.

സോഷ്യൽ മീഡിയ സജീവമായി ചർച്ച ചെയ്ത ഈ ആശുപത്രി ബില്ലിൽ മുഖ്യധാരാ മാധ്യമങ്ങൾ ആരും വാർത്ത നൽകിയില്ലെന്നതാണ് മറ്റൊരു വസ്തുത. 2005ൽ തുടങ്ങിയതാണ് പാറശാലയിലെ എസ് പി ആശുപത്രി. പൊന്നയ്യൻ എന്ന വ്യവസായി ആണ് ഇത് തുടങ്ങിയതെന്ന് ആശുപത്രി വെബ് സൈറ്റിൽ പറയുന്നു. ഡോ പി റോബർട്ട് രാജാണ് മാനേജിങ് ഡയറക്ടർ എന്നും പറയുന്നു. ഡോ ജെടി അനുപ്രിയയും പുഷ്പകുമാരി പൊന്നയ്യനുമാണ് ഡയറക്ടർമാർ. തമിഴ്‌നാട്ടുകാരനാണ് പൊന്നയ്യൻ. ആശുപത്രിയാണ് ഓക്സിജനിൽ 45,000 രൂപ ഈടാക്കിയത്. മതസ്ഥാപനങ്ങളുടേയോ മറ്റ് സംഘടനകളുടേയോ ഒന്നുമായും ഈ ആശുപത്രിക്ക് ബന്ധമില്ല. കുടുംബ സ്ഥാപനമാണ് ഇത്.

രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമായിരുന്നു ആശുപത്രി അധികൃതർ വിശദീകരിച്ചത്. രോഗിയുടെ ബന്ധുക്കൾ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു. ഏതായാലും ഈ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതു കണ്ട് ആരോഗ്യ രംഗത്തുള്ളവർ എല്ലാം ഞെട്ടി. കോവിഡ് കൊള്ളയ്ക്ക് തെളിവായി ഈ ബിൽ കോടതി പോലും കാണുകയും ചെയ്തു. ഈ ബിൽ തങ്ങളുടേത് തന്നെന്ന് ആശുപത്രിയും മറുനാടൻ മലയാളിയോട് സമ്മതിച്ചു.

രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്‌സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം എന്ന് രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഒരു മണിക്കൂറിൽ 8 ലിറ്റർ ഓക്‌സിജൻ വീതമാണ് നൽകിയതെന്നും അവർ പറഞ്ഞു. എന്നാൽ മറുനാടൻ റിപ്പോർട്ടറുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതെ പിആർഒ ഫോൺ കട്ട് ചെയ്തു. ചോദ്യങ്ങൾക്ക് കൃത്യമായ പ്രതികരണവും ഉണ്ടായില്ല. കൈകൊണ്ട് എഴുതിയ ബില്ലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.