തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിച്ചല്ല കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുസർക്കാരിന്റെ ടേമിൽ നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെ നിർത്തി പൊരിച്ചത് പ്രതിപക്ഷ നേതാവാണ്. ബന്ധുനിയമനവും, ബ്രൂവറിയും, സ്പ്രിങ്‌ളറും, ഇ-മൊബിലിറ്റിയും, ആഴക്കടൽ മത്സ്യബന്ധവും അടക്കം സർക്കാരിനെ മുള്ളിൽ നിർത്തിയ പത്തോളം വിവാദങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ്. എന്നാൽ, സർവേകളും മറ്റും വരുമ്പോൾ ജനപ്രിയതയിൽ ഉമ്മൻ ചാണ്ടിക്ക് ബഹുദൂരം പിന്നിലാവുന്നു ചെന്നിത്തല. ഈ പശ്ചാത്തലത്തിൽ മകൻ രോഹിത്ത് ചെന്നിത്തല എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്. 'അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ് ഒരുപക്ഷെ ചെന്നിത്തല ആയിരിക്കും. ഇടത് പ്രൊഫൈലുകൾ അയാൾക്ക് നേരെ നിരന്തരം ഉപയോഗിച്ച പരിഹാസങ്ങളും സൈബർ അക്രമങ്ങളും സംഘ ബ്രാന്റുമെല്ലാം ഇതിന് കാരണമായെന്നിരിക്കാം. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല ഇടപ്പെട്ട സമരങ്ങൾ സർക്കാരിനെതിരായ ആരോപണങ്ങൾ പ്രതിഷേധങ്ങൾ ഒരുപരിധിവരെ എല്ലാം വിജയം കണ്ടവയാണ്.'- രോഹിത് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ് ഒരുപക്ഷെ ചെന്നിത്തല ആയിരിക്കും. ഇടത് പ്രൊഫൈലുകൾ അയാൾക്ക് നേരെ നിരന്തരം ഉപയോഗിച്ച പരിഹാസങ്ങളും സൈബർ അക്രമങ്ങളും സംഘ ബ്രാന്റുമെല്ലാം ഇതിന് കാരണമായെന്നിരിക്കാം. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല ഇടപ്പെട്ട സമരങ്ങൾ സർക്കാരിനെതിരായ ആരോപണങ്ങൾ പ്രതിഷേധങ്ങൾ ഒരുപരിധിവരെ എല്ലാം വിജയം കണ്ടവയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർക്കാർ ദുരൂഹമായ നടത്തിയ ഓരോ കരാറിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കുന്നതിൽ ചെറുതല്ലാത്ത റോൾ ചെന്നിത്തലയുടെതായുണ്ട്.

1. ബന്ധുനിയമനം : മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.

2. സ്പ്രിൻക്ലർ: കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനം. ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. സർക്കാർ കരാർ റദ്ദാക്കി .

3.പമ്പ മണൽക്കടത്ത് : 2018 ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്‌സ് പ്രോഡക്ട്‌സിനു കരാർ നൽകി. സർക്കാരിന് 10 കോടിയുടെ നഷ്ടമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറി.

4. ബ്രൂവറി: നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമ്മാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സർക്കാർ അനുമതി റദ്ദാക്കി.

5. മാർക്ക് ദാനം: സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തും മാർക്ക് ദാനവും. മാർക്ക് ദാനം നിയമവിരുദ്ധമെന്നു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
6. ഇ-മൊബിലിറ്റി പദ്ധതി: ഇ-മൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സർക്കാർ PWCയെ ഒഴിവാക്കി.

7. സഹകരണ ബാങ്കുകളിൽ കോർബാങ്കിങ്: സ്വന്തമായി സോഫ്റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർബാങ്കിങ് സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാറെന്ന് ആരോപണം. സർക്കാർ കരാർ റദ്ദാക്കി.

8. സിംസ് പദ്ധതി: പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരിൽ ഗാലക്‌സോൺ എന്ന കമ്പനിക്കു കരാർ നൽകിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സർക്കാർ പദ്ധതി മരവിപ്പിച്ചു.

9. പൊലീസ് നിയമഭേദഗതി: പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് നിയമം സർക്കാർ പിൻവലിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.

10. ആഴക്കടൽ മത്സ്യ ബന്ധം: കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സർക്കാർ നിഷേധിച്ചെങ്കിലും അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സർക്കാർ റദ്ദാക്കി.

പ്രളയം, കൊറോണ തുടങ്ങിയ പാന്റമിക് സിറ്റ്‌വേഷന്റെ മറവിൽ സർക്കാർ നടത്തിയ നടത്താൻ ഉദ്ദേശിച്ച ഓരോ അഴിമതിയും പുറം ലോകത്തെ അറിയിച്ചത് രമേശ് ചെന്നിത്തലയാണ്. യഥാർത്ഥത്തിൽ അയാൾ അഭിനന്ദനം അർഹിക്കുന്നുണ്ട്.
-FB
#ഐശ്വര്യ_കേരളം_വരും_ഉറപ്പ്
#UDF