തിരുവനന്തപുരം: ഇനി മന്ത്രിമാർക്ക് വാടക വീട്ടിൽ കഴിയേണ്ട സാഹചര്യം തിരുവനന്തപുരത്തുണ്ടാകില്ല. വാടക വീടിന്റെ കനത്ത ചെലവുകൾ ഒഴിവാക്കാൻ തലസ്ഥാനത്ത് ഒരു മന്ത്രിമന്ദിരം കൂടി പണിയാൻ സംസ്ഥാനസർക്കാർ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വസതിയായ റോസ് ഹൗസ് വളപ്പിലാകും പുതിയ മന്ത്രി മന്ദിരം നിർമ്മിക്കുക.

മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരുണ്ടെങ്കിലും ഔദ്യോഗിക വസതികൾ ഇരുപതേയുള്ളൂ. വാടക വീട്ടിൽ കഴിയുന്ന വി. അബ്ദുറഹ്മാനു വേണ്ടിയാണ് പുതിയ മന്ദിരം പണിയുന്നത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് വളപ്പിൽ ഏഴ് മന്ത്രി മന്ദിരങ്ങളുണ്ട്. പ്രശാന്ത്, പെരിയാർ, പൗർണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെൻ ഡെൻ എന്നിവയാണത്. കാവേരി, ഗംഗ, നിള, ഗ്രെയ്സ് എന്നിങ്ങനെ പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ളത് നാല് മന്ത്രി മന്ദിരങ്ങളാണ്. രാജ്ഭവനു സമീപം മന്മോഹൻ ബംഗ്ലാവും അജന്തയും കവടിയാർ ഹൗസുമുണ്ട്. നന്ദൻ കോട് രണ്ടും വഴുതക്കാട് മുന്നും മന്ത്രിമന്ദിരങ്ങളുണ്ട്.

ഈയിടെ സെക്രട്ടറിയേറ്റിൽ മന്ത്രി സജി ചെറിയാന് ശുചിമുറി ഒരുക്കാൻ നാലു ലക്ഷത്തിൽ അധികം രൂപ അനുവദിച്ചിരുന്നു. അത് വിവാദവുമായി. ഈ സാഹചര്യത്തിൽ കോടികളുടെ മണിമാളികയാകും മന്ത്രിക്കായി പണിയുകയെന്ന വിലയിരുത്തലുണ്ട്. അബ്ദുറഹ്മാൻ ഒഴികെയുള്ള മന്ത്രിമാർക്കെല്ലാം ഒദ്യോഗിക വസതിയുണ്ട്. ബന്ധു നിയമന വിവാദത്തിലെ രാജിക്കു ശേഷം തിരിച്ചെത്തിയ ഇപി ജയരാജനും ഒദ്യോഗിക വസതി ലഭിച്ചിരുന്നില്ല. ജയരാജൻ താമസിച്ചിരുന്ന സാനഡു അപ്പോഴേക്കും അദ്ദേഹത്തിന്റെ പകരക്കാരൻ എം.എം. മണിക്കു നൽകിയിരുന്നു. രണ്ടാം വരവിൽ ജയരാജൻ താമസിച്ചിരുന്ന വഴുതക്കാട്ടെ വാടക വീട്ടിലാണ് അബ്ദു റഹിമാൻ ഇപ്പോൾ കഴിയുന്നത്.

ഭീമമായ വാടകയും മറ്റു ചെലവുകളും ഒഴിവാക്കാനാണ് തീരുമാനം. വിശാലമായ റോസ് ഹൗസിലെ ഒരു ഭാഗത്താകും പുതിയ മന്ത്രി മന്ദിരം. വീടു നിർമ്മാണത്തിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. പൊതുമരാമത്ത് വകപ്പ് കെട്ടിട നിർമ്മാണത്തിനായുള്ള നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. അവിടെ വിശാലമായ സ്ഥലമുണ്ട്. അതിന് പിൻഭാഗത്താണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരാണുള്ളത്. 20 പേർക്കുള്ള ഔദ്യോഗിക വസതി മാത്രമേ ഇപ്പോഴുള്ളൂ. ഒരു മന്ദിരത്തിന്റെ അപര്യാപ്ത പരിഹരിക്കുന്നതിനായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറായില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പുതിയ കെട്ടിടത്തിന്റെ ചെലവുകൾ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.