കൊച്ചി: കൊച്ചിയിൽ മുൻ മിസ് കേരള ജേതാക്കളായ മോഡലുകളുടെ അപകട മരണത്തിൽ എല്ലാ ദുരൂഹതകളും നീങ്ങുന്നത് നമ്പർ 18 ഹോട്ടൽ ഉടമയായ റോയി വയലാട്ടിലേക്കാണ്. കേസിൽ ഒന്നും ഒളിക്കാനില്ലെന്ന് വാദിക്കുന്ന റോയിയും യുവതികളുടെ കാർ ചെയ്‌സ് ചെയ്ത സൈജുവമാണ് കേസിൽ പ്രധാനമായും സംശയ നിഴലിലുള്ളത്. ഇരുവരെയും രക്ഷിക്കുന്ന വിധത്തിൽ മൊഴികളുമായി ചിലർ മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയും ചെയ്യുന്നു. ഇതൊക്കെ ഹോട്ടൽ മുതലാളിയെ രക്ഷിക്കാൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പൊലീസിന് മുന്നിൽ റോയി ഹാജരായപ്പോൾ മുതൽ കേസിൽ നിരവധി തിരക്കഥകൾ രചിക്കപ്പെട്ടിരുന്നു. ആദ്യം സിസി ടി വി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച റോയി ഒരു ഹാർഡ് ഡിസ്‌ക്ക് പൊലീസിന് മുന്നിൽ ഹാജരാക്കി. അതേസമയം തന്നെ മറ്റൊരു ഹാർഡ് ഡിസ്‌ക്ക് നശിപ്പിക്കുകയും ചെയ്തു. ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തുകൊണ്ടാണ് ഹാർഡ് ഡിസ്‌ക്ക് കായലിൽ എറിഞ്ഞ് ഇയാൾ നശിപ്പിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. ഈ ഹാർഡ് ഡിസ്‌ക്ക് കേന്ദ്രീകരിച്ചു മാത്രമാണ് ഇപ്പോൾ കേസിലെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

കൊച്ചിയിൽ മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസും വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോൾ അടക്കം നിലനിൽക്കുമ്പോൽ പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തു എന്നു കണ്ടെത്താൻ എളുപ്പം പൊലീസിന് സാധിക്കുമായിരുന്നു. എന്നിട്ടും ഇതുവരെ ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ മുഴവൻ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇത് ദുരൂഹമായ വിഐപി സാന്നിധ്യത്തിലേക്കും വിരൽചൂണ്ടുന്നതാണ്.

പാർട്ടിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഹോട്ടൽ ജീവനക്കാർ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞതിനാൽ അത് കണ്ടെത്താൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടുമെന്നും പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. വാഹനാപകടത്തിൽ പ്രാഥമികമായി വലിയ ദുരൂഹതകൾ സംശയിച്ചിരുന്നില്ല. പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് നിർണായകമായത്. ഹാർഡ് ഡിസ്‌ക നശിപ്പിക്കാൻ ശ്രമിച്ചതിലൂടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഉറപ്പായി. മോഡലുകളുടെ കാർ ഓടിച്ചിരുന്നു അബ്ദുറഹ്മാനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ അപകടത്തിനിടയാക്കിയ കാറോടിച്ച അബ്ദുൾ റഹ്മാനെ ഇന്നലെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തു. ഇദ്ദേഹത്തിന്റെ മൊഴികളിൽ പൊരുത്തക്കേടുള്ളതായി പ്രാഥമികമായി മനസ്സിലായിട്ടുണ്ട്. ഡി ജെ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് ഇക്കാര്യം കൂടുതൽ പരിശോധിക്കും. ഇതിന് ശേഷം റഹ്മാനെ വീണ്ടും വിളിച്ചു വരുത്തും. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷം ഹോട്ടലുടമ റോയി വയലാട്ടിനെയും വിളിച്ചു വരുത്താനാണ് തീരുമാനം

ഡിജെപാർട്ടി നടന്ന നന്പര് 18 ഹോട്ടലിലെ ജീവനക്കാർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി ഇന്നലെ കായലിലെ തിരച്ചിൽ നടത്തിയത്. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാർ, മെൽവിന് എന്നിവരുമായി അന്വേഷണം സംഘം പാലത്തിലെത്തി. തുടർന്ന പ്രതികൾ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാർക്ക് ചെയ്തു. തുടർന്ന് ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസിലെ ആറ് മുങ്ങൽ വിദ്ഗധർ കായലിലിറങ്ങി. വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ ഹോട്ടലൽ ഉടമ റോയി വയലാട്ട്, ഇവരുടെ കാർ ചേസ് ചെയ്ത സൈജു എന്നിവർ യുവതികളുമായി തർക്കത്തിൽ ഏർപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ പാർട്ടി നടന്ന റൂഫ് ടോപ്പിലെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരുന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിർദ്ദേശപ്രകാരം കായലിൽ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെൽവിന്റെയും മൊഴി. എന്നാൽ ഈ മൊഴികൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

നമ്പർ 18 ഹോട്ടൽ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ ഹാർഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെൺകുട്ടികളുടെ വാഹനത്തെ മുൻപും ആരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.