ഹൈദരാബാദ്: ബാഹുബലിക്ക് ശേഷം മഹാ എൻട്രിയുമായി രാജമൗലി. രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിന്റെ ബ്രഹ്മാണ്ഡ ട്രെയ്‌ലർ പുറത്തുവിട്ടു. മൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയ്‌ലർ ആക്ഷൻ രംഗങ്ങൾ കൊണ്ട സമ്പന്നമാണ്. ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്മാണ്ഡ വിഷ്വൽ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. ട്രെയിലർ കണ്ട് പ്രേക്ഷകർ അമ്പരക്കുന്ന അവസ്ഥയിലാണ്.

2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. രാം ചരണും ജൂനിയർ എൻ.ടി.ആറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയർ എൻ.ടി.ആർ. കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൽ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ആദ്യ ചിത്രം കൂടിയാണ് ആർ.ആർ.ആർ. ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ.കെ. സെന്തിൽ കുമാറും നിർവഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ. ആതിര ദിൽജിത്.