ചെന്നൈ: ജനങ്ങൾക്ക് പൊങ്കൽ സമ്മാനവുമായി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാനമായി 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി പ്രഖ്യാപിച്ചു. 1000 രൂപ ആയിരുന്നു കഴിഞ്ഞ വർഷം നൽകിയത്. 1500 രൂപകൂടി വർധിപ്പിച്ചാണ് ഇത്തവണ 2500 രൂപ നൽകുന്നത്. ഇതിനു പുറമെ ഒരു കിലോ അരി, പഞ്ചസാര, ഒരു കരിമ്പ് എന്നിവയും റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി നൽകും.

2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എടപ്പാടി മണ്ഡലത്തിൽ തുടക്കം കുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. അരി കാർഡ് ഉടമകൾക്കാണ് 2500 രൂപവീതം ലഭിക്കുക. ജനുവരി 14 നാണ് പൊങ്കൽ.

2021 ജനുവരി നാല് മുതൽ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് തുക നൽകുമെന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 2.6 കോടി അരി കാർഡ് ഉടമകൾക്ക് പൊങ്കൽ പാക്കേജിന്റെ പ്രയോജനം ലഭിക്കും. പൊങ്കൽ ഉത്സവത്തിന് മുമ്പ് തുക വിതരണം ചെയ്യും.