വടകര: ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തിയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. വടകര സിഐ കെ.കെ. ബിജു, എസ്‌ഐ എം. നിജേഷ് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിലെത്തിയെങ്കിലും സാധിച്ചില്ല.

എം.എം.സി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഹരിപ്രസാദ് ചികിത്സയിൽ കഴിയുന്നത്. ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ ഇയാൾക്ക് ബോംബ് നിർമ്മാണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ചിരിക്കുന്ന സൂചന. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിൽ വലതു കൈ ചിതറിയിരുന്നു.ഇത് തൂന്നിച്ചേർക്കുക അസാധ്യമാണെന്ന് നിഗമനത്തിലെത്തിയതോടെയാണ് ഡോക്ടർമാർ മുറിച്ചുമാറ്റിയതെന്നാണ് വിവരം.ഇടതു കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇടതു കൈയുടെ മൂന്ന് വിരലുകൾ പൂർണമായും നഷ്ടമായി.

ബോംബ് നിർമ്മാണത്തിനിടെയാണോ സ്‌ഫോടനമുണ്ടായതെന്ന് സ്ഥിരീകരിക്കണമെങ്കിൽ ഇയാളുടെ ചോദ്യം ചെയ്യൽ പൂർത്തിയാവണം. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായാൽ മൊഴിയെടുക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഹരിപ്രസാദിന്റെ വീട്ടിലെ ടെറസിൽ നിന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.