പാലക്കാട്: വൈറൽ ഡാൻസ് വിവാദം കെട്ടടങ്ങുന്നതിന് മുൻപെ സമാന രീതിയിൽ ഒരു വിവാദം പാലക്കാട് നിന്നും. ക്ഷേത്രവളപ്പിൽ പുരോഗമിച്ചുകൊണ്ടിരുന്ന സിനിമയുടെ ചിത്രകീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതായി അണിയറ പ്രവർത്തകർ. ഹിന്ദു മുസ്ലിം പ്രണയം അടിസ്ഥാനമാക്കിയെന്നാരോപിച്ചാണ് സിനിമാ ചിത്രീകരണം തടഞ്ഞത്. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചീത്രീകരണമാണ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞത്.

കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് ഷൂട്ടിങ് നടന്നത്.ഷൂട്ടിങ്ങിനെക്കുറിച്ചറിഞ്ഞ് ലൊക്കേഷനിലെത്തിയ പ്രവർത്തകർ സിനിമയുടെ കഥ പറയണമെന്നാവശ്യപ്പെട്ടുവത്രെ.
കഥ കേട്ടുകഴിഞ്ഞ ശേഷം സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയതായും അണിയറ പ്രവർത്തകർ പറയുന്നു. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.ഹിന്ദു- മുസ്ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ല എന്നാണ് ഷൂട്ടിങ് തടഞ്ഞവർ പറഞ്ഞതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇവിടെയെന്നല്ല ഒരു സ്ഥലത്തും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയതായും പറയുന്നുണ്ട്.

എന്നാൽ ക്ഷേത്രം അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം.സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസ് എത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവർതതകർ.