ന്യൂഡൽഹി: ദേശീയതാ ചിന്തയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകാനുള്ള മാർഗങ്ങൾ മധ്യപ്രദേശിലെ ചിത്രകൂടിൽ ആരംഭിച്ച ആർഎസ്എസ് ഉന്നതതലയോഗം ചർച്ച ചെയ്യും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സംഘടനാ ്പ്രവർത്തനങ്ങളാണ് പ്രധാനമായും ചർച്ചാ വിഷയമാകുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തലും മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലുള്ള സേവന പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതാണു മുഖ്യമെന്ന് ആർഎസ്എസ് വക്താക്കൾ വിശദീകരിച്ചു.

എന്നാൽ കേരളം, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ദേശീയതാ വികാരത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതയും യോഗം ആരായുമെന്നാണു സൂചന. യുപി തിരഞ്ഞെടുപ്പും മുഖ്യ ചർച്ചകളിലുണ്ടാകും. അയോധ്യയിലെ രാമക്ഷേത്ര ഭൂമി വിവാദവും ചർച്ച ചെയ്യും. ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട്‌റായിയും പങ്കെടുക്കുന്നുണ്ട്. ആദ്യ 2 ദിവസം 11 മേഖലകളിൽ നിന്നുള്ള മുഖ്യപ്രചാരകന്മാരാണ് മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും പങ്കെടുക്കുന്ന യോഗത്തിൽ പങ്കു ചേരുന്നത്.

5 ജോയിന്റ് സെക്രട്ടറിമാരും പങ്കെടുക്കുന്നു. യുപിയിൽ നിന്നുള്ള അനിൽസിങ്, മഹേന്ദ്ര എന്നിവർ യോഗത്തിൽ യുപിയിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു.12ന് 42 പ്രാദേശിക പ്രാന്തപ്രചാരകന്മാരും സഹപ്രചാരകന്മാരും വെർച്വലായി യോഗത്തിൽ പങ്കെടുക്കും. 13നു സംഘ്പരിവാറിലെ വിവിധ സംഘടനകളുടെ സംഘടനാ ജനറൽ സെക്രട്ടറിമാർ പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിക്കും.

നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയാണ് ബൈഠക്ക് സംഘടിപ്പിക്കുന്നത് എന്നാണ് സംഘടകർ അറിയിക്കുന്നത്. ബൈഡക്കിൽ അംഗങ്ങളായ വലിയൊരു വിഭാഗം ആർഎസ്എസ് ഭാരവാഹികൾ ഓൺലൈനായും ബൈഠക്കിൽ പങ്കെടുക്കും. ആർഎസ്എസ് മേധാവി മോഹൻഭാഗവത് അടക്കം ആർഎസ്എസിന്റെ മുതിർന്ന ഭാരവാഹികൾ എല്ലാം ബൈഠക്കിൽ പങ്കെടുക്കും. ആർഎസ്എസ് മേധാവിയും, സഹകാര്യവാഹകും, അഞ്ച് ജോയന്റ് സെക്രട്ടറിമാരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

ജൂലൈ 11 ന് 45 പ്രാന്തുകളിലെ പ്രാന്ത്, സഹപ്രാന്ത് പ്രചാരഹുമാർ പങ്കെടുക്കുന്ന സമ്മേളനമാണ് നടക്കുക. ജൂലൈ 12 ന് സംഘപ്രസ്ഥാനങ്ങളുടെ മേധാവികളുടെ സമ്മേളനമാണ് നടക്കുക. ആർഎസ്എസ് സംഘടന കാര്യങ്ങൾ, ആർഎസ്എസ് രാജ്യമെങ്ങും നടത്തുന്ന മഹാമാരി കാലത്തെ സന്നദ്ധസേവനങ്ങളുടെ വിലയിരുത്തൽ തുടങ്ങിയ കാര്യങ്ങളാണ് ബൈഠക്കിൽ ചർച്ച ചെയ്യുക എന്നാണ് ആർഎസ്എസ് അറിയിക്കുന്നത്.

അതിനിടെ തദ്ദേശീയ സാമൂഹിക മാധ്യമമായ 'കൂ'വിൽ ആർഎസ്എസ് അക്കൗണ്ട് തുടങ്ങി. ഇന്ത്യൻ ആപ്പായ 'കൂ'വിൽ ഒട്ടുമിക്ക ബിജെപി നേതാക്കളും അക്കൗണ്ട് എടുത്തിട്ടുണ്ട്.