ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്ന ആർഎസ്എസ് പ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു. 42 കാരനായ അമിത് ജയ്സ്വാളാണ് മരിച്ചത്. ഏപ്രിൽ 29നാണ് അമിതിന്റെ മരണം. ആഗ്രയിലെ ആശുപത്രികളിൽ ഒരു ബെഡിനായി ഒരുപാട് അലഞ്ഞിട്ടും കിട്ടാതായതോടെ കോവിഡ് ബാധിച്ച് പത്തുദിവസത്തിനുശേഷം അമിത് ജീവൻ വെടിയുകയായിരുന്നു. 42കാരനായ അമിത് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ അമ്മയും കോവിഡ് ബാധിച്ചു മരിച്ചു.

സഹായമഭ്യർഥിച്ച് അമിത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് മോദിയേയും യോഗി ആദിത്യനാഥിയെയും ടാഗ് ചെയ്ത് കുടുംബം പോസ്റ്റിട്ടിരുന്നു. റെംഡിസിവിർ ഇൻജക്ഷനുകൾ ലഭിക്കുന്നതിന് സഹായിക്കണമെന്നായിരുന്നു ആവശ്യം. ചികിൽസ ലഭിക്കുന്നതിലെ അപര്യാപ്തയും ചൂണ്ടിക്കാട്ടിയിരുന്നു. മോദിയും യോഗിയും സഹായിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അമിത്തിന്റെ കുടുംബത്തിന് എന്നാൽ ഇവരിൽനിന്ന് യാതൊരു സഹായവും ലഭിച്ചില്ല.

അമിത് ഒരു സ്വയം പ്രഖ്യാപിത മോദി ഭക്തനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. അദ്ദേഹത്തിന്റെ വാട്‌സാപ്പിന്റെ ഡിസ്‌പ്ലേ ചിത്രം മോദിയുടേതായിരുന്നു. നരേന്ദ്ര മോദി തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ടെന്ന് അമിത് തന്റെ ട്വിറ്റർ ബയോയിൽ കുറിച്ചിരുന്നു. ഇതിൽനിന്നൊക്കെ പ്രതീക്ഷയാർജിച്ച കുടുംബം അമിത്തിന്റെ ചികിൽസയ്ക്കായി മോദിയോ സംസ്ഥാന സർക്കാരോ ഒരു സഹായ ഹസ്തം നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് നടന്നില്ല.

മോദിക്കെതിരെയോ യോഗിക്കെതിരെയോ ഒരു വാക്കുപോലും കേൾക്കാൻ അമിത് തയാറായിരുന്നില്ല. ആരെങ്കിലും അവരെക്കുറിച്ച് മോശമായി പറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ മർദിക്കുന്നതിനു പോലും അമിത് തയാറായിരുന്നു മൂത്ത സഹോദരി സോനു അൽഗ പറയുന്നു. ഒരുപാട് നീണ്ട അന്വേഷണങ്ങൾക്കൊടുക്കം മഥുരയിലെ നിയതി ആശുപത്രിയിൽ അമിത്തിനെ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ഒൻപതു ദിവസങ്ങൾക്കുശേഷം അദ്ദേഹം മരണത്തിനു കീഴടങ്ങി. അന്നു തന്നെ സോനുവും ഭർത്താവും അമിത് തന്റെ കാറിൽ പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രം കീറിയെറിഞ്ഞു. ഒരിക്കലും മോദിയോട് ക്ഷമിക്കാനാകില്ലെന്ന് ഇവർ പറയുന്നു.

വർഷങ്ങളായി മോദിയുടെ ചിത്രം പതിച്ച കാറിലായിരുന്നു ജയ്സ്വാളിന്റെ യാത്ര. ജയ്സ്വാളിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരി കാറിൽ നിന്ന് മോദിയുടെ ചിത്രം വലിച്ചു കീറി.

'മോദിക്കെതിരെയോ യോഗിക്കെതിരെയോ ഒരു വാക്കുപോലും കേൾക്കാൻ അമിത് തയാറായിരുന്നില്ല. ആരെങ്കിലും അവരെക്കുറിച്ച് മോശമായി പറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ മർദിക്കാൻ വരെ അമിത് തയാറായിരുന്നു', മൂത്ത സഹോദരി സോനു അൽഗ പറയുന്നു.

അമിത് മരിച്ച അന്നു തന്നെ താനും ഭർത്താവും കാറിൽ പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രം കീറിയെറിഞ്ഞതായി സഹോദരി സോനു പറഞ്ഞു. ഒരിക്കലും മോദിയോട് ക്ഷമിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അമിത് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മോദിക്കു വേണ്ടി പോരാടുകയായിരുന്നു. എന്നിട്ട് എന്താണ് മോദി അവനു വേണ്ടി ചെയ്തത്? ഞങ്ങൾ അദ്ദേഹത്തിന്റെ ചിത്രം വലിച്ചുകീറി സോനുവിന്റെ ഭർത്താവ് രാജേന്ദ്ര പറയുന്നു. അമിത് മരിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണ് അവരുടെ അമ്മയും കോവിഡ് ബാധിച്ചു മരിക്കുന്നത്. പരസ്യത്തിനായുള്ള ബോർഡുകളും ബാനറുകളും നിർമ്മിക്കുന്ന ജോലിയായിരുന്നു അമിത്തിന്റേത്. ചെറുപ്പം മുതൽ തന്നെ ആർഎസ്എസിനായി പ്രവർത്തിച്ചിരുന്നു.

അമിത്തിന്റെയും അമ്മയുടേയും ചികിൽസയ്ക്കായി ആശുപത്രി അധികൃതർ അധികനിരക്ക് ഈടാക്കിയെന്നും കുടുംബം ആരോപിക്കുന്നു. അമിത്തിന്റെ പത്തു ദിവസത്തെ ചികിൽസയ്ക്കു വേണ്ടി 4.75 ലക്ഷവും അമ്മയുടെ 20 ദിവസത്തെ ചികിൽസയ്ക്ക് 11 ലക്ഷം രൂപയുമാണ് ആയത്. റെംഡിസിവിർ മരുന്ന് തങ്ങൾ തന്നെയാണ് എത്തിച്ചുനൽകിയത്. എന്നിട്ടും എങ്ങനെയാണ് ഇത്രയും പണം നൽകേണ്ടിവന്നതെന്നും സഹോദരി ചോദിക്കുന്നു.