കൊച്ചി: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഹരിയാന, ഉത്തരാഖണ്ഡ്, ജാർ ഘണ്ട് എന്നിവിടങ്ങളിൽ ഈ നിരക്കാണെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും സർക്കാർ വിശദീകരിച്ചതിനെ തുടർന്നാണ് സ്റ്റേ ആവശ്യം കോടതി നിരസിച്ചത്.

ഈ നിരക്കിൽ നിർബന്ധ പരിശോധനക്ക് ലാബുകളെ സർക്കാർ പ്രേരിപ്പിക്കുകയാണന്നും ലാബുകൾക്കെതിരെ സർക്കാർ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത് വിലക്കണമെന്ന ലാബ് ഉടുകളുടെ ആവശ്യവും ജസ്റ്റിസ് എൻ നഗരേഷ് നിരസിച്ചു. ഹർജി കൂടുതൽ വാദത്തിനായി മാറ്റി.

സംസ്ഥാനത്ത് കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആർടിപിസിആർ പരിശോധനാ നിരക്കു കുറച്ച സർക്കാരിനെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്ത് വന്നിരുന്നു. പരിശോധനയ്ക്ക് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തിൽ ചെലവ് ഉൾപ്പെടെ വിലയിരുത്തി സർക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചിരുന്നു. ആർടിപിസിആർ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇക്കാര്യത്തിൽ സർക്കാരിനു തീരുമാനം എടുക്കാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയായി വെട്ടിക്കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണ് ചെലവ് എന്ന് വിലയിരുത്തിയാണ് സർക്കാർ നിരക്ക് 500 രൂപയായി കുറച്ചതെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.

ആർടിപിസിആറിലെ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ലാബുകളിലെ പരിശോധനകളുടെ നിരക്കുകൾ നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ലാബുകളുടെ വാദം. നിരക്ക് കുറയ്ക്കാത്ത പക്ഷം ലാബുകൾക്ക് സബ്സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കും. നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബുടമകൾ ഹർജിയിൽ വ്യക്തമാക്കിയിരുന്നു