കോട്ടയം: ഒരുകാലത്ത് റബർ വ്യവസായം ഏറെ ലാഭം കൊയ്യുന്ന ഒന്നായിരുന്നു. ഇപ്പോൾ ആർക്കും വേണ്ടാത്ത ഒരു വസ്തുവായി റബർ മാറിയിരിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ റബർ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന മധ്യ തിരുവിതാംകൂർ നേരിടുന്നത്.

ആറു വർഷത്തെ ഏറ്റവും മോശപ്പെട്ട നിലയിലത്തെി നിൽക്കെ റബറിന് ശനിയാഴ്ച കിലോക്ക് 50 പൈസ വീണ്ടും കുറഞ്ഞു. ഇതോടെ ആർ.എസ്.എസ് നാലിന്റെ കോട്ടയത്തെ വ്യാപാരിവില 99.50 രൂപയായി. ശനിയാഴ്ച 50 പൈസ കുറഞ്ഞ് റബർ ബോർഡ് വില 102.50 ആയി.

ആർ.എസ്.എസ് ഗ്രേഡ് അഞ്ചിന്റെ വ്യാപാര വിലയിലും ഒരുരൂപയുടെ കുറവുണ്ടായി. 97 രൂപക്കാണ് കച്ചവടം. 100 രൂപയാണ് റബർ ബോർഡ് വില. വില കൂപ്പുകുത്തിയതോടെ ചെറുകിട കർഷകരിൽനിന്ന് റബർ വാങ്ങുന്നത് ഭൂരിഭാഗം വ്യാപാരികളും നിർത്തി. 95 രൂപയാക്കിയാൽ പോലും ചെറുകിട കർഷകരിൽ നിന്നു റബർ വാങ്ങാൻ വ്യാപാരികൾ തയ്യാറാകില്ല എന്നതു തന്നെ പ്രതിസന്ധിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു.

ഈ അവസ്ഥ വന്നതോടെ കർഷകരുടെയും ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. കിലോക്ക് 248 രൂപ വരെ എത്തിയ റബർ വില 2013ന്റെ പകുതി മുതലാണ് കുറഞ്ഞുതുടങ്ങിയത്. അതേസമയം, റബറിന്റെ വില ഉയർന്നപ്പോൾ ടയർ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർത്തിയ കമ്പനികൾ വില താഴേക്ക് പതിക്കുമ്പോഴും കണ്ട ഭാവം നടച്ചിട്ടില്ല.

ടയറിന്റെ അടക്കം വിലയിൽ ഒരു കുറവും വരുത്താത്ത നടപടിയിൽ പ്രതിഷേധവും ഉയരുന്നുണ്ട്. റബർ വില കുറഞ്ഞതോടെ ടയർ കമ്പനികൾക്ക് വൻ ലാഭമാണ് ഉണ്ടാകുന്നത്. എന്നാൽ, നിർമ്മാണച്ചെലവ് വർധിച്ചെന്ന ന്യായമാണ് വ്യവസായികൾ ഉന്നയിക്കുന്നത്. രാജ്യാന്തരഅവധി വ്യാപാരവിലയിൽ സംഭവിച്ച കുറവിനൊപ്പം റബർ വാങ്ങാതെ ടയർ വ്യവസായികൾ മാറിനിൽക്കുന്നതും വില കുറയാൻ കാരണമാകുന്നുണ്ട്്. അതേസമയം, കേരളത്തിൽ വില കുറയുമ്പോഴും വൻതോതിൽ റബർ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വ്യവസായികളും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.