കോട്ടയം: റബ്ബർ വില കുത്തനെ ഇടിഞ്ഞു. 4 ഗ്രേഡിന്റെ വില കിലോഗ്രാമിന് 131 രൂപയാണ്. ഒരാഴ്ചക്കിടെ കുറഞ്ഞത് കിലോഗ്രാമിന് ഏഴു രൂപയോളം. ഗുണനിലവാരം കുറഞ്ഞ ലോട്ട് റബ്ബറിന് 120ലും താഴെയാണ് പലയിടത്തും വില.


റബ്ബർവിലയിൽ ആശ്വാസകരമായ മാറ്റം ഉടനൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് റബ്ബർബോർഡും വിലയിരുത്തുന്നത്. വാണിജ്യവിളകളുടെ കാര്യത്തിൽ വിലകൾ ചാക്രികമാണെന്നും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പഴയ നിലവാരത്തിലോ അതിനപ്പുറമോ വില തിരിച്ചുവരുമെന്നും അവർ പറയുന്നുണ്ട്.

വില ഇനിയും താഴേക്കിടിഞ്ഞാൽ ടാപ്പിങ് വേണ്ടെന്നു വെയ്ക്കാൻ കർഷകർ നിർബന്ധിതരാകും. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളെ റബ്ബർ വിലയിടിവ് ഇപ്പോൾത്തന്നെ ബാധിച്ചുതുടങ്ങി. എല്ലാ മേഖലകളിലും തളർച്ചയാണെന്ന് വ്യാപാരികൾ പറയുന്നു. പ്രധാന റബ്ബർമേഖലകൾ മാന്ദ്യത്തിലായിട്ട് മാസങ്ങളായി.